2,555 കോടി; തെരഞ്ഞെടുപ്പ് ബോണ്ട് തൂത്തുവാരി ബി.ജെ.പി, കോൺഗ്രസിന് ലഭിച്ചത് 318 കോടി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് ബോണ്ടിൽ വീണ്ടും ലോട്ടറിയടിച്ച് ബി.ജെ.പി. 2019-20 വർഷം തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച ആകെ തുകയിൽ 76 ശതമാനവും എത്തിയത് ബി.ജെ.പിയുടെ ഖജനാവിൽ. 2018-19 വർഷം ലഭിച്ചത് 1450 കോടി രൂപയാണെങ്കിൽ കഴിഞ്ഞ വർഷം അത് 2555 കോടിയായി വർധിച്ചു.
മുൻ വർഷത്തേക്കാൾ 75 ശതമാനം വർധന. ബോണ്ട് വിൽപനയിലൂടെ കഴിഞ്ഞ വർഷം ആകെ ലഭിച്ചതാകട്ടെ 3355 കോടിയും. അതേസമയം, കഴിഞ്ഞ വർഷം കോൺഗ്രസിന് ലഭിച്ച തുകയിൽ 17 ശതമാനത്തിെൻറ ഇടിവുണ്ടായി. 2019-20ൽ 318 കോടിയും 2018-19ൽ 383 കോടിയുമാണ് ലഭിച്ചത്.
തൃണമൂൽ കോൺഗ്രസിന് 100.46 കോടി, എൻ.സി.പി- 29.25 കോടി, ശിവസേന -41 കോടി, ഡി.എം.കെ -45 കോടി, ആർ.ജെ.ഡി -2.5 കോടി, ആപ് -18 കോടി എന്നിങ്ങനെയാണ് മറ്റ് പാർട്ടികൾക്ക് ലഭിച്ചത്. രാജ്യത്തെ ഏഴ് ദേശീയപാർട്ടികൾക്ക് കഴിഞ്ഞ വർഷം ബോണ്ട് വഴി ലഭിച്ച ആകെ തുക 3749.37 കോടിയാണ്. 2018-19 കാലയളവിൽ ബോണ്ട് വാങ്ങിയവരിൽ 67 ശതമാനവും അജ്ഞാത വ്യക്തികളാണെന്ന് സന്നദ്ധ സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പറയുന്നു.
തെരഞ്ഞെടുപ്പ് ബോണ്ട്
രാഷ്ട്രീയപ്പാർട്ടികൾക്ക് രഹസ്യമായി സംഭാവന നൽകാവുന്ന സംവിധാനം. മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി 2017ലെ ബജറ്റിലാണ് ഇത് പ്രഖ്യാപിച്ചത്. എസ്.ബി.ഐയുടെ തെരഞ്ഞെടുത്ത ശാഖകൾ വഴി മാത്രമാണ് വിൽപന. വാങ്ങുന്നയാളിെൻറയോ പണം മുടക്കുന്നയാളിെൻറയോ പേര് ബോണ്ടിലുണ്ടാകില്ല.
ഏത് രാഷ്ട്രീയപ്പാർട്ടിയുടെ പേരിലാണോ വാങ്ങുന്നത് അവർക്ക് 15 ദിവസത്തിനകം അത് പണമാക്കാം. നേരേത്ത, 20,000 രൂപയിൽ കൂടുതൽ ലഭിക്കുന്ന തുകയും നൽകിയവരുടെ പേരും രാഷ്ട്രീയപ്പാർട്ടികൾ വെളിപ്പെടുത്തണമായിരുന്നു. ബോണ്ട് സംവിധാനത്തിൽ അത് വേണ്ട. ഉയർന്ന തുക സംഭാവന നൽകിയവർ ആരെന്നറിയാനുള്ള വോട്ടർമാരുടെ അവകാശമാണ് ബോണ്ട് സംവിധാനത്തിലൂടെ ഇല്ലാതായതെന്നാണ് പദ്ധതിക്കെതിരായ പ്രധാന ആരോപണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.