അനധികൃതമായി പ്രവർത്തിക്കുകയായിരുന്ന ചിൽഡ്രൻസ് ഹോമിൽ നിന്നും 26 കുട്ടികളെ കാണാതായി
text_fieldsന്യൂഡൽഹി: അനധികൃതമായി പ്രവർത്തിക്കുകയായിരുന്ന ചിൽഡ്രൻസ് ഹോമിൽ നിന്നും 26 കുട്ടികളെ കാണാതായി. ഭോപ്പാലിലെ ചിൽഡ്രൻസ് ഹോമിൽ നിന്നാണ് ഗുജറാത്ത്, ഝാർഖണ്ഡ്, രാജസ്ഥാൻ മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കുട്ടികളെ കാണാതായത്.
ദേശീയ ബാലാവകാശ കമീഷൻ ചെയർമാൻ പ്രിയങ്ക് കനുഗോ സന്ദർശനം നടത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. പർവാലിയയിലെ അൻചാൽ ഗേൾസ് ഹോസ്റ്റലിലാണ് അദ്ദേഹം സന്ദർശനം നടത്തിയത്. ഹോസ്റ്റലിന്റെ രജിസ്റ്റററിൽ 68 കുട്ടികളുടെ പേരുകളുണ്ടായിരുന്നു. എന്നാൽ ബാലാവകാശ കമീഷൻ ചെയർമാൻ സന്ദർശനത്തിന് എത്തിയപ്പോൾ ഇതിൽ 26 പേരെ കാണാനില്ലെന്ന് വ്യക്തമാവുകയായിരുന്നു.
ഗുജറാത്ത്, ഝാർഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ളവരെയാണ് പ്രധാനമായും കാണാതായത്. തുടർന്ന് പൊലീസ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണത്തിൽ ഇവിടെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയെന്നാണ് റിപ്പോർട്ട്. അനധികൃതമായാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തി. ഷെൽറ്റർ ഹോമിന്റെ നടത്തിപ്പുകാരനായ അനിൽ മാത്യുവിനെ പൊലീസ് ചോദ്യം ചെയ്തെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോർട്ട്.
ചിൽഡ്രൻസ് ഹോമിലെ കുട്ടികൾ വിവിധ മത വിശ്വാസികളാണെങ്കിലും ഇവരിൽ നിർബന്ധിച്ച് ക്രിസ്തുമതം അടിച്ചേൽപ്പിച്ചുവെന്നും ബാലാവകാശ കമീഷൻ ചെയർമാൻ ആരോപിക്കുന്നു. ഇവിടെ സി.സി.ടി.വി കാമറകൾ ഇല്ല. രണ്ട് സ്ത്രീകളാണ് ചിൽഡൻസ് ഹോമിൽ ജീവനക്കാരായുണ്ടായിരുന്നത്. രാത്രിസമയത്ത് ഗാർഡുകളായി പുരുഷൻമാരാണ് ജോലിക്കെത്തിയിരുന്നത്. ഇതും നിയമങ്ങളുടെ ലംഘനമാണെന്ന് ബാലാവകാശ കമീഷൻ ആരോപിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.