ബംഗളൂരു സമ്മേളനം; 26 പ്രതിപക്ഷ പാർട്ടികൾ പങ്കെടുത്തേക്കും
text_fieldsബംഗളൂരു: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടത്തിന് തന്ത്രങ്ങൾ മെനയാൻ പ്രതിപക്ഷ കക്ഷികളുടെ ദ്വിദിന സമ്മേളനം തിങ്കളാഴ്ച ബംഗളൂരുവിൽ ആരംഭിക്കും. 26 പ്രതിപക്ഷ പാർട്ടികളുടെ ഉന്നത നേതാക്കൾ പങ്കെടുത്തേക്കുമെന്നാണ് ഒടുവിലെത്തെ റിപ്പോർട്ട്.
കർണാടക നിയമസഭാ തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് കർണാടക കോൺഗ്രസ് ഈ മഹാ സമ്മേനത്തിന് ആതിഥേയത്വം വഹിക്കുന്നത്. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിയും പങ്കെടുക്കുന്നുണ്ട്.
ജൂൺ 23-ന് പട്‌നയിൽ ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ആതിഥേയത്വം വഹിച്ച പ്രതിപക്ഷ ഐക്യത്തിനായുള്ള അവസാന യോഗത്തിൽ 15 പാർട്ടികൾ പങ്കെടുത്തു. കേന്ദ്ര നേതാക്കൾ പങ്കെടുത്ത പട്നയിലെ യോഗം വൻ വിജയമായിരുന്നു.
മഹാരാഷ്ട്രയിലെ എൻ.സി.പിയുടെ പിളർപ്പും പശ്ചിമ ബംഗാൾ പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ശേഷം തൃണമൂലുമായുണ്ടായ കോൺഗ്രസ്, സി.പി.എം അസ്വാരസ്യങ്ങൾക്കും ശേഷം പരസ്പപം പോരടിച്ചിരുന്ന പാർട്ടിയുടെ നേതാക്കൾ ഒരു പ്ലാറ്റ്ഫോമിൽ ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ബംഗളൂരു സമ്മേളനത്തിനുണ്ട്.
ഡൽഹിയിലെ ബ്യൂറോക്രസിയുടെ നിയന്ത്രണം തിരിച്ചുപിടിച്ച വിവാദമായ കേന്ദ്ര ഉത്തരവിനെതിരെ ആം ആദ്മി പാർട്ടിയുടെ പ്രചാരണത്തിന് പിന്തുണയുമായി കോൺഗ്രസ് രംഗത്തെത്തിയതോടെ എ.എ.പിയും സമ്മേളനത്തിനെത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് (ഐ.യു.എം.എൽ) അടക്കം എട്ട് പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പുതിയതായി പങ്കെടുക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, എൻസിപി അധ്യക്ഷൻ ശരദ് പവാർ, തൃണമൂൽ നേതാവും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി, ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാർ, ഡി.എം.കെ നേതാവും തമിഴ്‌നാട് മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ, ജെ.എം.എം. നേതാവും ജാർഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ, ആം ആദ്മി പാർട്ടിയുടെ അരവിന്ദ് കെജ്രിവാൾ, സമാജ്വാദിപാർട്ടി നേതാവ് അഖിലേഷ് യാദവ്, സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരും പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, തങ്ങളുടെ വംശീയ രാഷ്ട്രീയം സംരക്ഷിക്കാൻ പ്രതിപക്ഷ പാർട്ടികൾ സഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണെന്ന് ബി.ജെ.പി അധ്യക്ഷൻ ജെപി നദ്ദ പ്രതികരിച്ചു. നിർദിഷ്ട സഖ്യം ജനാധിപത്യ സഖ്യമല്ല, രാജവംശങ്ങളുടെ സംരക്ഷണത്തിനുള്ള സഖ്യമാണെന്നും അദ്ദേഹം ജയ്പൂരിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.