ഉമർ ഖാലിദിനെ പിന്തുണച്ച റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനെതിരെ സഹപ്രവർത്തകർ
text_fieldsന്യൂഡൽഹി: വടക്കുകിഴക്കന്‍ ഡൽഹിയിലെ വംശീയ ആക്രമണത്തിന് തിരികൊളുത്തിയ ബി.ജെ.പി നേതാക്കൾക്ക് എതിരെ നടപടിയെടുക്കാത്തത് ഒരുകാരണവശാലും ന്യായീകരിക്കാനാവില്ലെന്ന് പറഞ്ഞ റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജൂലിയോ റിബേറോക്കെതിരെ 26 മുൻ ഐ.പി.എസ് ഉദ്യോഗസ്ഥർ രംഗത്ത്. വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് റിബേറോ ഡൽഹി പൊലീസ് കമീഷണർക്ക് കത്തെഴുതിയതിന് പിന്നാലെയാണ് ഉദ്യോഗസ്ഥർ സംയുക്തമായി രംഗത്തെത്തിയത്. റിബേറോയുടെ സ്വരം ദേശവിരുദ്ധമാണെന്ന് അവർ പ്രസ്താവനയിൽ പറയുന്നു.
വിരമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് ഒരു തരത്തിലും ആരെയും നിരപരാധികളാക്കാനും പൊലീസിനെ മോശമാക്കി ചിത്രീകരിക്കാനുള്ള അധികാരമില്ല. അത് പൊലീസും അന്വേഷണ ഏജൻസികളുമാണ് ചെയ്യേണ്ടത്. ഇത്തരം പ്രവർത്തികളെ നിരുത്സാഹപ്പെടുത്തണമെന്നും ഡൽഹി പൊലീസ് ഓഫീസറെ പിന്തുണച്ചുള്ള പ്രസ്താവനയിൽ ഉദ്യോഗസ്ഥർ പറയുന്നു.
വംശീയ ആക്രമണവുമായി ബന്ധപ്പെട്ട് ജെ.എൻ.യു മുൻ വിദ്യാർഥി ഉമർഖാലിദിനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിൽ റിബേറോ സംശയം പ്രകടിപ്പിച്ചിരുന്നു. സംഭവത്തിൽ അന്വേഷണം വിശ്വസനീയമല്ലെന്ന് ചൂണ്ടിക്കാട്ടി റിബേറോ ഡൽഹി പൊലീസ് കമീഷണർ എസ്.എൻ ശ്രീവാസ്‌തവയ്‌ക്കായിരുന്നു കത്ത് അയച്ചിരുന്നത്.
പൗരത്വഭേദഗതി നിയമത്തിന് എതിരെ സമാധാനപൂർവം പ്രതിഷേധിച്ചവരെ ഭീഷണിപ്പെടുത്തുകയും കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്‌ത ബി.ജെ.പി നേതാക്കൾക്ക് എതിരെ കേസെടുക്കാത്തത് ന്യായീകരിക്കാനാകില്ലെന്നായിരുന്നു ജൂലിയോ റിബേറോ ചൂണ്ടിക്കാട്ടിയത്. എന്നാൽ കത്തിന് കമീഷണർ നൽകിയ മറുപടി ആശങ്കകൾ പരിഹരിക്കുന്നതല്ലെന്നും റിബേറോ പ്രതികരിച്ചിരുന്നു.
'വിദ്വേഷപ്രസംഗം നടത്തിയ ബി.ജെ.പി, സംഘപരിവാര്‍ നേതാക്കളായ അനുരാഗ് ഠാക്കൂർ, കപിൽമിശ്ര, പർവേശ് വർമ എന്നിവർക്കെതിരെ എന്തുകൊണ്ട് കേസെടുത്തില്ലെന്ന് കമീഷണർ വ്യക്തമാക്കുന്നില്ല. മുസ് ലിംകളോ ഇടതുപക്ഷക്കാരോ ആണെങ്കിൽ ദേശദ്രോഹ കേസ് ചുമത്തിയേനേ എന്നായിരുന്നു റിബേറോയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.