‘കൈകൾ നഷ്ടപ്പെട്ടപ്പോൾ ചെറിയ ജോലികൾ പോലും വെല്ലുവിളിയായി; ഇപ്പോൾ വീണ്ടും സ്വപ്നം കാണാം‘
text_fieldsമുംബൈ: തീവണ്ടി അപകടത്തിൽ ഇരുകൈകളും നഷ്ടപ്പെട്ട യുവാവിന് പുതിയ കൈകൾ തുന്നിച്ചേർത്തു. എഞ്ചിനീയറായ ഹൃത്വിക് സിങ് പരിഹാർ എന്ന 26കാരൻ പുതിയ കൈകളുമായി ഭാവിയിലേക്കുള്ള യാത്ര ആരംഭിക്കുകയാണ്. 2016ൽ 18 വയസ്സുള്ളപ്പോഴാണ് ഇൻഡോറിൽ നിന്ന് മുംബൈയിലേക്കുള്ള ട്രെയിൻ യാത്രയിൽ ഹൃത്വികിന് അപകടമുണ്ടാകുന്നത്. ട്രെയിനുകൾ മാറി കയറുന്നതിനിടെ അബദ്ധത്തിൽ രണ്ട് ട്രെയിനുകൾക്കിടയിൽ തെറിച്ച് വീഴുകയായിരുന്നു. അപകടത്തിൽ ഇരു കൈകളും ഛേദിക്കപ്പെട്ടു.
എന്നാൽ, പരിമിതികൾ ഉണ്ടായിരുന്നിട്ടും ഹൃതിക് വിദ്യാഭ്യാസം പൂർത്തിയാക്കുകയും എഞ്ചിനീയറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ലാപ്‌ടോപ്പും മൊബൈൽ ഫോണും പ്രവർത്തിപ്പിക്കുന്നതുൾപ്പെടെയുള്ള ദൈനംദിന ജോലികൾക്കായി തന്‍റെ പാദങ്ങൾ ഉപയോഗിക്കുന്നതിൽ വൈദഗ്ദ്ധ്യം നേടിയാണ് ഹൃതിക് ജീവിതവുമായി പൊരുത്തപ്പെട്ട് തുടങ്ങിയത്.
മുംബൈയിലെ ഗ്ലെനീഗിൾസ് ഹോസ്പിറ്റലിലെ ഡോ.നിലേഷ് സത്ഭായിയും സംഘവുമാണ് ഹൃതികിന് പുതിയ കൈകൾ നൽകുന്നതിനായുള്ള സങ്കീർണമായ ശസ്ത്രക്രിയ നടത്തിയത്. ഇൻഡോറിലെ 69 വയസ്സുള്ള വ്യക്തിയായിരുന്നു ദാതാവ്. 2024 ഡിസംബർ 30നായിരുന്നു 15 മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ. കൈ മുകളിൽ നിന്ന് തന്നെ ഛേദിക്കപ്പെട്ടതിനാൽ ശസ്ത്രക്രിയ വെല്ലുവിളി നിറഞ്ഞതുമായിരുന്നു എന്ന് ഡോക്ടർമാർ പറയുന്നു. 9-12 മാസത്തിനുള്ളിൽ അദ്ദേഹം ചലനവും പ്രവർത്തനങ്ങളും വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡോക്ടർമാർ വ്യക്തമാക്കി.
'കൈകൾ നഷ്ടപ്പെട്ടപ്പോൾ ജീവിതം നിശ്ചലമായതുപോലെ തോന്നി. ചെറിയ ജോലികൾ പോലും വെല്ലുവിളിയായി മാറി. സന്തോഷകരമായ ജീവിതം നയിക്കാൻ വർഷങ്ങളോളം സ്വപ്നം കണ്ടു. രണ്ടാമത്തെ അവസരം ലഭിച്ചതായി തോന്നുന്നു. വീണ്ടും സ്വപ്നം കാണാമെന്നും ലക്ഷ്യങ്ങൾക്കായി പൊരുതാമെന്നും തോന്നുന്നു. വൈദഗ്ധ്യവും അർപ്പണബോധവും കൊണ്ട് ഇത് സാധ്യമാക്കിയ ഡോക്ടർമാർക്കും, ദുഷ്‌കരമായ സമയത്തും അസാധാരണമായ സമ്മാനം നൽകിയ ദാതാവിന്‍റെ കുടുംബത്തിനും നന്ദി പ്രകടിപ്പിക്കാൻ വാക്കുകൾക്ക് കഴിയില്ല' -എന്നാണ് ഹൃതിക് ശസ്ത്രക്രിയക്ക് ശേഷം സമൂഹമാധ്യമത്തിൽ കുറിച്ചത്

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.