ബാബരി ധ്വംസനത്തിന് 26 വർഷം
text_fieldsന്യൂഡൽഹി: ഇന്ത്യൻ മതേതര സങ്കൽപങ്ങളുടെ അടിത്തറയിളക്കി ബാബരി മസ്ജിദ് തകർത്തിട്ട് ഇന്ന് 26 വർഷം. രാജ്യമനഃസാക്ഷിയെ നടുക്കിയ ക്രിമിനൽ കുറ്റത്തിെൻറ വിചാരണ പൂർത്തിയാവുകയോ പ്രതികളെ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. പള്ളി നിലനിന്ന ഭൂമിയുടെ ഉടമസ്ഥാവകാശ തർക്കവും നിയമയുദ്ധമായി തുടരുന്നു.
രാജ്യചരിത്രത്തിൽ 1992 ഡിസംബർ ആറ് ഇരുണ്ട ദിനമാണ്. പതിനായിരക്കണക്കായ കർസേവകർ മുതിർന്ന ബി.ജെ.പി നേതാക്കളുടെ സാന്നിധ്യത്തിൽ അയോധ്യയിലെ ബാബരി മസ്ജിദ് ഇടിച്ചുതകർത്തത് അന്നാണ്. തുടർന്ന് രാജ്യത്ത് വർഗീയകലാപങ്ങളിൽ കൊല്ലപ്പെട്ടത് മൂവായിരത്തോളം പേർ. ബാബരി മസ്ജിദ് പുനർനിർമാണം എന്ന ആവശ്യവും വനരോദനമായി നിലനിൽക്കുന്നു.
വാർഷികദിനത്തിൽ രാമക്ഷേത്ര നിർമാണത്തെച്ചൊല്ലി സംഘ്പരിവാറിൽ നിരാശയും ബി.ജെ.പി നയിക്കുന്ന എൻ.ഡി.എക്കുള്ളിൽ ഭിന്നതയും. ക്ഷേത്രം പണിയുന്നതിന് ഒാർഡിനൻസ് ഇറക്കിയില്ലെങ്കിൽ വ്യാഴാഴ്ച ആത്മാഹുതി ചെയ്യുമെന്ന് ഭീഷണി മുഴക്കിയ താൽക്കാലിക ക്ഷേത്രത്തിെൻറ മുഖ്യപൂജാരി തപസ്വി ചാവ്നിയെ അറസ്റ്റു ചെയ്ത് 14 ദിവസത്തേക്ക് ജയിലിൽ അടച്ചു. ഒാർഡിനൻസിനുള്ള ബി.ജെ.പി നീക്കം നടപ്പുള്ള കാര്യമല്ലെന്ന് സഖ്യകക്ഷി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാൻ തുറന്നടിച്ചു.
ബാബരി വിഷയത്തിൽ സുപ്രീംകോടതിയുടെ തീരുമാനമാണ് അന്തിമമെന്നും, അത് എല്ലാവർക്കും സ്വീകാര്യമാകണമെന്നും പ്രമുഖ ഇംഗ്ലീഷ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ പാസ്വാൻ വ്യക്തമാക്കി. രാമക്ഷേത്രം പണിയുന്നതിന് ഒാർഡിനൻസ് ഇറക്കാൻ ഭരണഘടന സർക്കാറിനെയോ പ്രധാനമന്ത്രിയെയോ അനുവദിക്കുന്നില്ല. ഭരണഘടനക്ക് അനുസൃതമായി പ്രവർത്തിക്കാൻ സർക്കാറും പ്രധാനമന്ത്രിയും ബാധ്യസ്ഥമാണ്. രാമക്ഷേത്ര നിർമാണ കാര്യത്തിൽ സർക്കാറിെൻറ ഭാഗത്തുനിന്ന് ഒന്നും ഉണ്ടാകാൻ പോകുന്നില്ല. സർക്കാർ മുസ്ലിംകളുടെയോ ഹിന്ദുക്കളുടെയോ അല്ല. പ്രധാനമന്ത്രി എന്നാൽ എൻ.ഡി.എയുടെയോ യു.പി.എയുടേയോ അല്ല. പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുന്നയാൾക്ക് പാർലെമൻറാണ് ക്ഷേത്രം. ഭരണഘടനയാണ് മതം. ഒാർഡിനൻസിന് ഭരണഘടന അനുവദിക്കുന്നില്ല.
രാമക്ഷേത്ര വിഷയത്തിെൻറ എല്ലാ വശങ്ങളും സുപ്രീംകോടതി പരിശോധിക്കുന്നുണ്ട്. എല്ലാവരും അതിനായി കാത്തിരിക്കണം. ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കൊപ്പം തുടരുമെന്നും രാംവിലാസ് പാസ്വാൻ വ്യക്തമാക്കി. ഫൈസാബാദ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത അയോധ്യ താൽക്കാലിക ക്ഷേത്ര പൂജാരി കഴിഞ്ഞ ഒക്ടോബർ ഒന്നിന് ക്ഷേത്രനിർമാണ പ്രശ്നമുയർത്തി ഒരാഴ്ച നിരാഹാര സമരം നടത്തിയിരുന്നു. ക്ഷേത്ര നിർമാണ തീയതി ഉടൻ സർക്കാർ പ്രഖ്യാപിക്കുമെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ വാഗ്ദാനത്തെ തുടർന്നാണ് പിന്മാറിയത്.
കോടതി വിധിക്ക് കാത്തുനിൽക്കാതെ ക്ഷേത്രനിർമാണത്തിന് നിയമഭേദഗതി കൊണ്ടുവരണമെന്ന താൽപര്യം നടപ്പാകാത്തതിൽ സംഘ്പരിവാറിൽ അമർഷമുണ്ട്. രണ്ടാഴ്ച മുമ്പ് അയോധ്യയിൽ വി.എച്ച്.പി നടത്തിയ ‘ധർമസഭ’ അതിെൻറ ഭാഗമായിരുന്നു. ബി.െജ.പിയെ വെട്ടി രാമക്ഷേത്ര പ്രശ്നം സജീവമാക്കുന്ന ശിവസേന മഹാരാഷ്ട്രയിൽ ഡിസംബർ 24ന് സ്വന്തം നിലക്ക് ധർമസഭ വിളിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.