മുംബൈ ഭീകരാക്രമണം: ‘റാണ എത്തിയത് ആക്രമണ ലക്ഷ്യങ്ങളുറപ്പിക്കാനെന്ന് സംശയം’
text_fieldsമുംബൈ: ഭീകരാക്രമണ കേസ് പ്രതി പാക്വംശജനായ കനേഡിയൻ സ്വദേശി തഹവ്വുർ ഹുസൈൻ റാണ ആക്രമണത്തിന് ദിവസങ്ങൾക്കുമുമ്പ് നഗരത്തിൽ എത്തിയത് ആക്രമണ ലക്ഷ്യങ്ങൾക്ക് അന്തിമരൂപം നൽകാനെന്ന് സംശയിക്കുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ. ദക്ഷിണ മുംബൈയിലെ തിരക്കേറിയ സ്ഥലങ്ങളെ ക്കുറിച്ച് റാണ ചോദിച്ചറിഞ്ഞതായും പറഞ്ഞവയിൽ ചില സ്ഥലങ്ങൾ അറിയാമെന്ന് കരുതുന്നതായി പ്രതികരിച്ചതായുമുള്ള സാക്ഷികളുടെ മൊഴിയാണ് ഇതിന് കാരണം.
ഭീകരർ കറാച്ചിയിൽനിന്ന് കടൽമാർഗം പുറപ്പെടുംമുമ്പ് ലക്ഷ്യങ്ങൾകണ്ട് ഉറപ്പുവരുത്തുകയായിരുന്നു റാണയുടെ ലക്ഷ്യമെന്ന് സംശയിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. 2008 നവംബറിലാണ് താജ്, ഒബ്റോയ് ഹോട്ടലുകൾ, ലിയോപേൾഡ് കഫേ, നരിമാൻ ഹൗസ്, സി.എസ്.ടി റെയിൽവേ സ്റ്റേഷൻ, കാമ ആശുപത്രി എന്നിവിടങ്ങളിൽ ആക്രമണമുണ്ടായത്. ഇവിടങ്ങളിൽ റാണ സന്ദർശനം നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു.
ആഗസ്റ്റിൽ ആക്രമിക്കാനായിരുന്നു ഭീകരരുടെ പദ്ധതിയെന്നും ആ സമയത്ത് കടൽക്ഷോഭമുണ്ടായതിനാൽ മാറ്റിവെക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.തിങ്കളാഴ്ച റാണക്കെതിരെ യു.എ.പി.എ കോടതിയിൽ മുംബൈ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.