കാട്ടാന ആക്രമണത്തിൽ അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത് 2853 പേർ; കേരളത്തിൽ 120
text_fieldsന്യൂഡൽഹി: കാട്ടാന ആക്രമണത്തിൽ അഞ്ച് വർഷത്തിനിടെ കൊല്ലപ്പെട്ടത് 2853 പേരെന്ന് റിപ്പോർട്ട്. നിരവധി പേർക്ക് ആക്രമണത്തിൽ പരിക്കേറ്റതായും രാജ്യസഭയിൽ കേന്ദ്ര പരിസ്ഥിതി സഹമന്ത്രി കീർത്തി വർധൻ സിങ് പറഞ്ഞു. 2019ൽ 587 മരണം സ്ഥിരീകരിച്ചു. 2020 ൽ 471, 2021ൽ 557, 2022ൽ 610, 2023ൽ 628 എന്നിങ്ങനെയാണ് മരണപ്പെട്ടവരുടെ കണക്ക്.
ഈ കാലയളവിൽ ഒഡീഷയിൽ 624 പേരാണ് കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത്. ഝാർഖണ്ഡിൽ 474 പേരും, പശ്ചിമ ബംഗാളിൽ 436 പേരും, ഛത്തീസ്ഗഡിൽ 303, തമിഴ്നാട്ടിൽ 256, കർണാടകടിൽ 160 പേരും മരണപ്പെട്ടു. കേരളത്തിൽ 120 മരണങ്ങളാണ് ഈ കാലയളവിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടത്.
വന്യജീവി ആവാസവ്യവസ്ഥയുടെ പരിപാലനം സംസ്ഥാന സർക്കാരിന്റേയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും ചുമതലയാണ്. ഇതിനായി കേന്ദ്ര സർക്കാർ പ്രോജക്ട് ടൈഗർ & എലിഫൻ്റ് പദ്ധതി പ്രകാരം സാമ്പത്തികവും സാങ്കേതികവുമായ പിന്തുണ നൽകുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
2021ൽ മനുഷ്യ-വന്യജീവി സംഘർഷം പ്രതിരോധിക്കാൻ വകുപ്പുതല ഏകോപനം, പ്രശ്നബാധിത പ്രദേശങ്ങൾ കണ്ടെത്തൽ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ പാലിക്കൽ, ദ്രുത പ്രതികരണ ടീമുകളുടെ സ്ഥാപനം തുടങ്ങിയ മാർഗനിർദേശങ്ങൾ മന്ത്രാലയം പുറത്തിറക്കിയിരുന്നു. തുടർന്നുള്ള വർഷം പരിസ്ഥിതി മന്ത്രാലയം സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കൃഷിനാശം ഉൾപ്പെടെയുള്ള മനുഷ്യ-വന്യജീവി സംഘർഷങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള മാർഗനിർദേശങ്ങളും പുറത്തിറക്കി. വനമേഖലയിൽ മരങ്ങളുെ കുറ്റിച്ചെടികളും കലർന്ന മുളക്, ചെറുനാരങ്ങ, പുല്ല് തുടങ്ങിയവ കൃഷി ചെയ്യുകയെന്ന നിർദേശം മന്ത്രാലയം മുന്നോട്ടുവെച്ചിരുന്നു.
സംസ്ഥാന വനം വകുപ്പുകളുമായി ഏകോപിപ്പിച്ച് 150 ആന ഇടനാഴികൾ നിർമിച്ചിട്ടുണ്ടെന്നും ഇതിന്റെ സംരക്ഷണത്തിനായി സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രവർത്തിക്കണമെന്നും മന്ത്രാലയം പറഞ്ഞു.
ട്രെയിൻ തട്ടി ആനകൾ മരിക്കുന്നത് തടയാൻ റെയിൽവേ-പരിസ്ഥിതി വകുപ്പുകൾ ഏകീകൃതമായി സ്ഥിര സഹകരണ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.