മൊബൈൽ ആപ് വഴി 290 കോടിയുടെ തട്ടിപ്പ്; മലയാളിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റിൽ
text_fieldsബംഗളൂരു: വ്യാജ മൊബൈൽ ആപ്പുകൾ വഴി 290 കോടിയിലേറെ രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഒമ്പതംഗ സംഘം കർണാടകയിൽ അറസ്റ്റിൽ. മലയാളി ബിസിനസുകാരൻ അനസ് അഹമ്മദിെൻറ നേതൃത്വത്തിലുള്ള സംഘത്തെയാണ് കർണാടക സി.െഎ.ഡിയുടെ സൈബർ ക്രൈം വിഭാഗം പിടികൂടിയത്.
കടലാസ് കമ്പനികളുടെ ഡയറക്ടര്‍മാരായി പ്രവർത്തിച്ച രണ്ടുവീതം ചൈനീസ്, തിബത്തൻ പൗരന്മാരും ഡൽഹി, സൂറത്ത് സ്വദേശികളായ നാലുപേരും അറസ്റ്റിലായവരിൽ ഉൾപ്പെടും. ബുള്‍ ഫിഞ്ച് ടെക്‌നോളജീസ്, എച്ച് ആന്‍ഡ് എസ് വെഞ്ചേഴ്സ്, ക്ലിഫോര്‍ഡ് വെഞ്ചേഴ്സ് എന്നീ പേരുകളില്‍ കടലാസ് കമ്പനികള്‍ രൂപവത്കരിച്ചാണ് സംഘം തട്ടിപ്പിന് കളമൊരുക്കിയത്.
അനസ് അഹമ്മദിെൻറ നേതൃത്വത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ റമ്മി ആപ്പുകള്‍ പിന്നീട് നിക്ഷേപം സ്വീകരിക്കാൻ 'പവര്‍ ബാങ്ക്', 'സണ്‍ ഫാക്ടറി' എന്നീ ആപ്ലിക്കേഷനുകളാക്കി പേര് മാറ്റി. ഗൂഗ്ൾ പ്ലേ സ്റ്റോറിലടക്കം ഇൗ ആപ്പുകൾ ലഭ്യമായിരുന്നു. വൻ ലാഭവിഹിതം പലിശയും വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയ സംഘം തുടക്കത്തിൽ ലാഭവിഹിതം നൽകിയതോടെ കൂടുതൽ പേർ വലയിൽ വീണു. കോടിക്കണക്കിന് രൂപ നിക്ഷേപമെത്തിയതോടെ ആപ് പിന്നീട് പ്രവർത്തനരഹിതമാക്കി മുങ്ങി.
ചൈനയില്‍ പഠിച്ച അനസ് അഹമ്മദ് ചൈനക്കാരിയായ യുവതിയെയാണ് വിവാഹം കഴിച്ചിട്ടുള്ളത്. ബിസിനസുകാരനായ ഇവരുടെ അക്കൗണ്ടിലേക്ക് 290 കോടി രൂപ എത്തിയതായും ചൈന കേന്ദ്രീകരിച്ച ഹവാല റാക്കറ്റുമായി അനസിന് ബന്ധമുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. റേസർ പേ സോഫ്റ്റ്വെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന ഒാൺലൈൻ ധനവിനിമയ സംരംഭത്തിെൻറ ഉടമകൾ നൽകിയ പരാതിയിലാണ് സി.ഐ.ഡി സൈബര്‍ ക്രൈം ഡിവിഷന്‍ എസ്.പി എം.ഡി. ശരത്തിെൻറ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടിയത്.
ഗെയിമിങ്, ഇ-കോമേഴ്സ് ബിസിനസുകൾ നടത്തുന്നെന്ന പേരിൽ തങ്ങളെ സമീപിക്കുകയും പിന്നീട് ഇ-പേയ്മെൻറ് സംവിധാനം ഉപയോഗപ്പെടുത്തി സംഘം തട്ടിപ്പ് നടത്തുകയും ചെയ്തെന്നാണ് പരാതി. സംഘത്തിെൻറ തട്ടിപ്പിനെതിരെ കർണാടകയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലും പരാതി ലഭിച്ചിട്ടുണ്ട്.
'പവർ ബാങ്ക്' ആപ്ലിക്കേഷൻ വഴി പണം നഷ്ടമായവർ കർണാടക സി.െഎ.ഡി സൈബർ ക്രൈം വിഭാഗത്തെ സമീപിക്കണമെന്ന് പൊലീസ് അറിയിച്ചു. വൻ തുക ലാഭവിഹിതം നൽകുന്ന ആപ്ലിക്കേഷനുകളുടെ തട്ടിപ്പ് പ്രവർത്തനങ്ങളിൽ ജാഗ്രത വേണമെന്നും അറിയപ്പെടാത്ത വെബ്സൈറ്റുകളിൽനിന്ന് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യരുതെന്നും പൊലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.