2ജി: ബി.ജെ.പിയെ ആഞ്ഞടിക്കാൻ കോൺഗ്രസ്
text_fieldsന്യൂഡൽഹി: കോൺഗ്രസിനെയും യു.പി.എ സർക്കാറിനെയും നിലംപരിശാക്കിയ 2ജി അഴിമതിക്കേസിൽ എല്ലാ പ്രതികളെയും കുറ്റമുക്തരാക്കിയ പ്രത്യേക സി.ബി.െഎ കോടതി വിധി ആയുധമാക്കി മോദി സർക്കാറിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിക്കാൻ കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ അധ്യക്ഷതയിൽ ഇതാദ്യമായി സമ്മേളിച്ച കോൺഗ്രസ് പ്രവർത്തക സമിതി യോഗം ഇൗ തീരുമാനമെടുത്താണ് പിരിഞ്ഞത്. തെറ്റായ കണക്കുകൾ നിരത്തി 2ജി കേസിൽ രാജ്യത്തെ തെറ്റിദ്ധരിപ്പിച്ച ബി.ജെ.പി രാജ്യത്തോട് മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പ്രവർത്തക സമിതി പാസാക്കി.
മോദി സർക്കാർ ബാങ്ക്സ് ബോർഡ് ബ്യൂറോ ചെയർമാനായി കാബിനറ്റ് പദവിയിൽ പ്രതിഷ്ഠിച്ച മുൻ സി.എ.ജി വിനോദ് റായിയുമായി ഒത്തുകളിച്ച് കോൺഗ്രസ് നയിച്ച യു.പി.എ സർക്കാറിനെ കരിവാരിത്തേക്കുകയാണ് നരേന്ദ്ര മോദിയും അരുൺ ജെയ്റ്റ്ലിയും നയിക്കുന്ന ബി.ജെ.പി ചെയ്തതെന്ന് പ്രവർത്തക സമിതി കുറ്റപ്പെടുത്തി. നുണവിൽപന നടത്തിയവർ സമാധാനം പറയണം.
ബി.ജെ.പി നുണക്കൂടാരമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുൻ സർക്കാറിനെ അധിക്ഷേപിക്കാൻ ഇറക്കിയ നുണകൾ ഒന്നൊന്നായി പൊളിയുകയാണ്. ജനങ്ങളുടെ വിഭവം കോർപറേറ്റുകളുമായി ഒത്തുകളിച്ച് കൊള്ളയടിക്കുകയാണ് മോദിസർക്കാർ ചെയ്യുന്നത്. നോട്ട് നിരോധനം, കള്ളപ്പണ വേട്ട എന്നിവക്കെല്ലാം പിന്നിൽ ബി.ജെ.പിയുടെ നുണവിൽപനയാണ് നടക്കുന്നത്. റാഫേൽ പോർവിമാന ഇടപാടിൽ നടന്ന കള്ളക്കളികളെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നു. ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ മൂന്നു മാസംകൊണ്ട് 50,000 രൂപ 80 കോടിയാക്കി വളർത്തിയ ആളാണെന്നും രാഹുൽ പറഞ്ഞു.
കോൺഗ്രസ് അധ്യക്ഷ സ്ഥാനമൊഴിഞ്ഞ സോണിയ ഗാന്ധി ഇതുവരെ പാർട്ടിക്ക് നൽകിയ മാർഗദർശനത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയവും പ്രവർത്തക സമിതി പാസാക്കി. സോണിയയും യോഗത്തിൽ പെങ്കടുത്തിരുന്നു. മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, ഗുലാംനബി ആസാദ്, മോത്തിലാൽ വോറ, മുഹ്സിന കിദ്വായ്, ആനന്ദ് ശർമ, കരൺസിങ്, അംബിക സോണി തുടങ്ങിയവരും പ്രവർത്തക സമിതി യോഗത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.