അടൽ തുരങ്കപാതയിൽ 72 മണിക്കൂറിനിടെ മൂന്ന് വാഹനാപകടം
text_fieldsഷിംല: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം നിർവഹിച്ച റോത്തങ്ങിലെ അടൽ തുരങ്കപാതയിൽ 72 മണിക്കൂറിനിടെ മൂന്ന് വാഹനാപകടം. അശ്രദ്ധയോടെ വാഹനമോടിച്ചതാണ് അപകടങ്ങൾക്ക് കാരണമായതെന്ന് ബോർഡർ റോഡ് ഓർഗനൈസേഷൻ അധികൃതർ പറഞ്ഞു.
തുരങ്കത്തിലൂടെ കടന്നുപോകുന്നതിനിടെ സെൽഫിയെടുക്കാനുള്ള ശ്രമങ്ങളാണ് അപകടത്തിൽ കലാശിച്ചത്. തുരങ്കത്തിൽ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കാത്തതിൽ പ്രാദേശിക അധികൃതരെ ബോർഡർ റോഡ് ഓർഗനൈസേഷൻ കുറ്റപ്പെടുത്തിയിരുന്നു. തുടർന്ന് 48 മണിക്കൂറിന് ശേഷമാണ് സുരക്ഷാ ജീവനക്കാരെ നിയോഗിച്ചത്. വാഹനയാത്രികർ തുരങ്കത്തിൽ നിർത്തി ഫോട്ടോയെടുക്കുന്നതും യാത്രക്കിടെ സെൽഫിയെടുക്കുന്നതും അപകട ഭീഷണിയാകുന്നുണ്ട്.
ഹിമാചൽ പ്രദേശിലെ മണാലി- ലേ പാതകളെ ബന്ധിപ്പിക്കുന്നതാണ് തുരങ്കം. ഹിമാലയൻ മലനിരകളെ തുരന്ന് നിർമിച്ച രാജ്യത്തിന്‍റെ അഭിമാന പദ്ധതിയായി കണക്കാക്കപ്പെടുന്ന തുരങ്കം പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ് ഉദ്ഘാടനം ചെയ്തത്.
1000 അടി ഉയരത്തിൽ 9.2 കിലോമീറ്റർ നീളമുള്ള തുരങ്കം ലോകത്തെ തന്നെ ഏറ്റവും വലിയ ഹൈവേ തുരങ്കമാണ്. 3,086 കോടിയാണ് പദ്ധതിയുടെ നിർമാണച്ചെലവ്. മണാലി-ലേ ദേശീയ പാതയിലെ ദൂരം 45 കിലോമീറ്ററിലധികം കുറക്കുമെന്നതാണ് തുരങ്കത്തിന്‍റെ പ്രാധാന്യം. പത്തു വർഷം കൊണ്ടാണ് പണി പൂർത്തിയാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.