മണിപ്പൂരിൽ വീണ്ടും സംഘർഷം; മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്
text_fieldsഇംഫാൽ: മണിപ്പൂരിലുണ്ടായ സംഘർഷത്തിൽ മൂന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരിക്ക്. തൗബാൽ ജില്ലയിൽ ആൾക്കൂട്ടം പൊലീസ് ആസ്ഥാനം ആക്രമിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റത്. കഴിഞ്ഞ ദിവസം മൊറെയയിൽ രണ്ട് പൊലീസ് കമാൻഡോകളെ ആൾക്കൂട്ടം വെടിവെച്ച് കൊന്നിരുന്നു. തൗബാൽ ജില്ലയിൽ നിന്നും 100 കിലോ മീറ്റർ മാത്രം അകലെയാണ് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ മോറെയ്.
ഇന്ത്യൻ റിസർവ് ബറ്റാലിയന്റെ തൗബാലിലെ കോംപ്ലെക്സ് ലക്ഷ്യമിട്ടാണ് ആൾക്കൂട്ടം ആദ്യമെത്തിയത്. എന്നാൽ, പെട്ടെന്ന് തന്നെ ഇവരെ പിരിച്ചുവിടാൻ ബി.എസ്.എഫിന് കഴിഞ്ഞു. പിന്നീട് പൊലീസ് ആസ്ഥാനത്തിന് നേരെ ആൾക്കൂട്ടം ആക്രമണം നടത്തി. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ബി.എസ്.എഫ് കോൺസ്റ്റബിൾ ഗൗരവ് കുമാർ, എ.എസ്.ഐമാരയ സൗബ്രാം സിങ്, രാംജി എന്നിവർക്ക് പരിക്കേറ്റത്. ഇവരെ ഉടൻ തന്നെ ഇംഫാലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംവരണം ആവശ്യപ്പെട്ട് മെയ്തേയികൾ പ്രക്ഷോഭം ആരംഭിച്ചതിന് പിന്നാലെയാണ് മണിപ്പൂരിൽ സംഘർഷം തുടങ്ങിയത്. കുക്കി സമുദായം ഇവരുടെ ആവശ്യത്തെ എതിർത്തു. തുടർന്ന് സമാനതകളില്ലാത്ത വംശഹത്യക്കാണ് മണിപ്പൂർ സാക്ഷിയായത്. സംഘർഷങ്ങളിൽ 200ഓളം പേർ ഇതുവരെ കൊല്ലപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകൾ. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.