ചെന്നൈയിൽ ജ്വല്ലറി മോഷണം; മൂന്ന് ബാലൻമാർ അറസ്റ്റിൽ; കൊള്ളയടിച്ച ഒന്നര കോടിയുടെ സ്വർണം പിടിച്ചെടുത്തു
text_fieldsചെന്നൈ: ചെന്നൈ താംബരത്ത് നടന്ന ജ്വല്ലറി മോഷണക്കേസിൽ അസം സ്വദേശികളായ മൂന്ന് ബാലൻമാരെ പൊലീസ് പിടികൂടി. ഇവരിൽനിന്ന് 1.50 കോടി രൂപയുടെ സ്വർണ- വജ്രാഭരണങ്ങൾ പിടിച്ചെടുത്തു.
താംബരം സേലയൂർ ഗൗരിവാക്കം വേളാച്ചേരി മെയിൻ റോഡിലെ 'ബ്ലൂ സ്റ്റോൺ' എന്ന ജ്വല്ലറിയിലാണ് കൊള്ള നടന്നത്. ശനിയാഴ്ച പുലർച്ചെ നാലരയോടെ ജ്വല്ലറി മാനേജർ ജഗതീശന്‍റെ മൊബൈൽ ഫോണിൽ അലാറം മുഴങ്ങി. തുടർന്ന് ജഗദീശനും ജീവനക്കാരും ജ്വല്ലറിയിലെത്തി പരിശോധിച്ചു. കൊള്ള നടന്നതായി മനസ്സിലാക്കിയ ജഗദീശൻ പിന്നീട് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ജ്വല്ലറി കെട്ടിടത്തിന്‍റെ മുകളിൽനിന്ന് ലിഫ്റ്റ് കണക്ഷൻ ലൈനിലെ പൈപ്പിലൂടെ ഇറങ്ങിയാണ് പ്രതികൾ ജ്വല്ലറിയിൽ മോഷണം നടത്തിയത്. ഷോക്കേസുകളിലും മറ്റുമായി വെച്ചിരുന്ന സ്വർണമാണ് മോഷ്ടിച്ചത്. ലോക്കറുകളിൽ രണ്ട് കോടിയോളം രൂപയുടെ സ്വർണം സൂക്ഷിച്ചിരുന്നുവെങ്കിലും നഷ്ടപ്പെട്ടിട്ടില്ല. ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണങ്ങളുമായാണ് പ്രതികൾ രക്ഷപ്പെട്ടത്.
സി.സി.ടി.വി കാമറകൾ പരിശോധിച്ച പൊലീസ് പ്രതികൾ ധരിച്ചിരുന്ന ടീഷർട്ടുകൾ തിരിച്ചറിഞ്ഞ് മൂന്നു മണിക്കൂറിനകം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജ്വല്ലറിയുടെ മുൻവശത്തെ ശീതളപാനീയ കടയിലാണ് 18 വയസ്സിന് താഴെയുള്ള മൂവരും ജോലിചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.