ഗുജറാത്ത് പിടിക്കാനുറപ്പിച്ച് കെജ്രിവാൾ; മൂന്ന് മുഖ്യമന്ത്രിമാർ ഇന്ന് സംസ്ഥാനത്ത്
text_fieldsഅഹ്മദാബാദ്: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടിയുടെ വിജയത്തിൽ കുറഞ്ഞതൊന്നും നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ ലക്ഷ്യമിടുന്നില്ല. വോട്ടുറപ്പിക്കുന്നതിനായി ഹിന്ദുത്വ കാർഡിറക്കി വരെ പ്രചാരണം മുന്നേറുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായി നടക്കുന്ന മെഗാറാലികളിൽ പങ്കെടുക്കാനായി ഇന്ന് മൂന്ന് മുഖ്യമന്ത്രിമാരാണ് ഗുജറാത്തിലെത്തുന്നത്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരാണ് വിവിധ റാലികളെ അഭിസംബോധന ചെയ്യുക.
ഭാവ്നഗറിലെ പലിതാന നഗരത്തിലെയും രാജ്കോട്ടിലെ ധോരാജിലെയും റാലികളെയാണ് കെജ്രിവാളും ഭഗവന്ത് മാനും സംയുക്തമായി അഭിസംബോധന ചെയ്യുക. വെള്ളിയാഴ്ച മുതൽ ഇരുവരും ഗുജറാത്തിലുണ്ട്. അടുത്തിടെ നിരവധി തവണയാണ് കെജ്രിവാൾ ഗുജറാത്ത് സന്ദർശിച്ചത്. തന്റെ പാർട്ടിയെ അധികാരത്തിലെത്തിക്കാനായി നിരവധി വാഗ്ദാനങ്ങളും കെജ്രിവാൾ നൽകിയിട്ടുണ്ട്.
ഗുജറാത്തിൽ ഇന്ന് നടക്കുന്ന മൂന്നു റാലികളെ ഗെഹ്ലോട്ട് അഭിസംബോധന ചെയ്യും. തെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടു തവണ ഗെഹ്ലോട്ട് ഗുജറാത്ത് സന്ദർശിച്ചിരുന്നു. വിരാംപൂർ, ഖേദ്ബ്രഹ്മ, ഭിലോദ നഗരങ്ങളിൽ നടക്കുന്ന റാലിയിലാണ് അദ്ദേഹം പങ്കെടുക്കുന്നത്. കോൺഗ്രസിന് സംഭാവന നൽകാൻ ഉദ്ദേശിച്ച കോർപറേറ്റുകാരെ പോലും ബി.ജെ.പി ഭീഷണിപ്പെടുത്തുകയാണെന്ന് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. എ.എ.പിക്കെതിരായ വാർത്തകൾ തമസ്കരിക്കാൻ കെജ്രിവാളും സംഘവും പണം വാരിയെറിയുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.