വീണ്ടും ചോരചിന്തി മണിപ്പൂർ: മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാനില്ല, രണ്ടുദിവസത്തിനിടെ കൊല്ലപ്പെട്ടത് 13 പേർ
text_fieldsഇംഫാൽ: ഒന്നരവർഷത്തെ വംശീയ സംഘർഷത്തിൽ നിരവധി പേർ കൊല്ലപ്പെട്ട മണിപ്പൂരിൽ ഇടവേളക്ക് ശേഷം വീണ്ടും ചോരക്കളി. ഇന്നലെ 11 പേരും ഇന്ന് രണ്ട് പേരും കൊല്ലപ്പെട്ടതിന് പിന്നാലെ, ഒരുവയസ്സുള്ള കുഞ്ഞടക്കം മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായി. കാണാതായവർ മെയ്തേയി വംശജരാണ്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന ഒരേ കുടുംബത്തിൽ നിന്നുള്ള ഒരു മുത്തശ്ശി, രണ്ട് പെൺമക്കൾ, എട്ട്, രണ്ട്, ഒന്ന് വയസ്സുള്ള മൂന്ന് പേരക്കുട്ടികൾ എന്നിവരെയാണ് കാണാതായതെന്ന് പ്രദേശവാസി പറഞ്ഞു.
കൊല്ലപ്പെട്ടവരിൽ 11 പേർ കുക്കി വംശജരും രണ്ടുപേർ മെയ്തേയിക്കാരുമാണ്. ഇന്നലെ പൊലീസ് സി.ആർ.പിഎഫ് വെടിവെപ്പിലാണ് കുക്കി വംശജർ കൊല്ലപ്പെട്ടത്. ഇവർ പൊലീസിനെ ആക്രമിച്ചപ്പോൾ പ്രത്യാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറയുന്നു. എന്നാൽ, ഇവർ കലാപകാരികളല്ലെന്നും ഗ്രാമത്തിലെ സന്നദ്ധപ്രവർത്തകരാണെന്നും കുക്കി ഗോത്രവർഗക്കാരുടെ സംഘടന ചൂണ്ടിക്കാട്ടി. കൂട്ടക്കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു.
രണ്ട് മെയ്തേയി വിഭാഗക്കാരുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെയാണ് ജിരിബാം മേഖലയിൽ കണ്ടെത്തിയത്.
ലയ്ശ്രാം ബാരൽ സിങ് (63), മെയ്ബാം കെശ്വോ സിങ് (71) എന്നിവരെയാണ് ഇന്ന് വീടുകൾക്കുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവരടക്കം മേഖലയിലെ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന 13 മെയ്തേയിക്കാരെയാണ് ഇന്നലെ ജിരിബാമിൽ നിന്ന് കാണാതായത്. ഇതിൽ അഞ്ചുപേരെ ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു. ആറുപേരെ ഇനിയും കണ്ടെത്താനുണ്ടെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അക്രമികൾ തട്ടിക്കൊണ്ടുപോയതാണോ അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ഒളിവിൽ പോയതാണോ എന്ന് വ്യക്തമല്ല.
അതേസമയം, അസം റൈഫിൾസ്, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, സെൻട്രൽ റിസർവ് പൊലീസ് ഫോഴ്സ് എന്നിവയ്ക്ക് നേരെ വെടിയുതിർത്താൽ തിരിച്ചടിക്കുമെന്ന് മണിപ്പൂർ പൊലീസ് മേധാവി മാധ്യമങ്ങളോട് പറഞ്ഞു.
11 പേർ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കുക്കി സോ കൗൺസിൽ മലയോര പ്രദേശങ്ങളിൽ ആഹ്വാനം ചെയ്ത ബന്ദ് തുടരുകയാണ്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2.30ഓടെയാണ് കുക്കികളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. ബോറോബേക്ര പൊലീസ് സ്റ്റേഷനും സി.ആർ.പി.എഫ് ക്യാമ്പും ആക്രമിച്ചതിനെ തുടർന്ന് സി.ആർ.പി.എഫിന്റെ തിരിച്ചടിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഏറ്റുമുട്ടലിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ സ്ഥിതി ഗുരുതരമാണ്.
വൻ ആയുധങ്ങളുമായെത്തിയ കുക്കികൾ ആദ്യം പൊലീസ് സ്റ്റേഷനാണ് ആക്രമിച്ചത്. തുടർന്ന്, പൊലീസ് അക്രമികൾക്കുനേരെ വെടിവെപ്പ് നടത്തി. പിന്നീട് 100 മീറ്റർ അകലെയുള്ള ജകുരാദോർ കരോങ് ചന്തയിലെത്തിയ അക്രമികൾ നിരവധി കടകൾക്ക് തീവെച്ചു. അതിനുശേഷമാണ് സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയത്. സി.ആർ.പി.എഫ് പ്രത്യാക്രമണം നടത്തിയതോടെ ഇരുകൂട്ടരും തമ്മിൽ മുക്കാൽ മണിക്കൂറോളം ഏറ്റുമുട്ടലുണ്ടായി.
തിങ്കളാഴ്ച വൈകീട്ട് ഇംഫാൽ വെസ്റ്റ് ജില്ലയിൽ ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായി. കുന്നിൻമുകളിൽനിന്ന് താഴ്വരയിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതേത്തുടർന്ന് തിരിച്ചും വെടിവെപ്പുണ്ടായി. പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
മണിപ്പൂരിലെ വിവിധ ജില്ലകളിൽ മൂന്ന് ദിവസമായി നടത്തിയ റെയ്ഡിൽ നിരവധി ആയുധങ്ങൾ പിടിച്ചെടുത്തതായി അസം റൈഫിൾസ് അറിയിച്ചു. ചുരാചാന്ദ്പൂർ ജില്ലയിലെ ഖൊനോംഫായി ഗ്രാമത്തിൽ നടന്ന തിരച്ചിലിൽ രണ്ട് റൈഫിൾ, രണ്ട് പിസ്റ്റൾ, ആറ് ഒറ്റക്കുഴൽ തോക്ക്, വെടിയുണ്ടകൾ തുടങ്ങിയവ പിടിച്ചെടുത്തു. കാങ്പോക്പി ജില്ലയിൽ നടന്ന റെയ്ഡിൽ രണ്ട് റൈഫിൾ, രണ്ട് ഒറ്റക്കുഴൽ തോക്ക്, രണ്ട് പിസ്റ്റൾ, രണ്ട് മിസൈൽ ലോഞ്ചറുകൾ, വെടിയുണ്ടകൾ തുടങ്ങിയവ കണ്ടെടുത്തു. കാക്ചിങ് ജില്ലയിൽ നടത്തിയ തിരച്ചിലിൽ ഒരു റൈഫിൾ, വെടിയുണ്ടകൾ തുടങ്ങിയവ പിടിച്ചെടുത്തു. സൈന്യം, അസം റൈഫിൾ, മണിപ്പൂർ പൊലീസ് എന്നിവ സംയുക്തമായാണ് തിരച്ചിൽ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.