നീരവ് മോദിയുടെ മൂന്ന് കമ്പനികൾക്കെതിരെ സി.ബി.െഎ കേസ്
text_fieldsമുംബൈ: പഞ്ചാബ് നാഷനല്‍ ബാങ്ക് (പി.എൻ.ബി) വായ്പ കുംഭകോണത്തിലെ മുഖ്യപ്രതി നീരവ് മോദിയുടെ സ്ഥാപനങ്ങളിൽ എന്‍ഫോഴ്സ്മെൻറ് ഡയറക്ടറേറ്റിെൻറ (ഇ.ഡി) റെയ്ഡ് തുടരുന്നു. നീരവ് മോദിയുമായി ബന്ധപ്പെട്ട മൂന്ന് മുഖ്യ കമ്പനികൾക്കെതിരെ സി.ബി.ഐ വെള്ളിയാഴ്ച പുതിയ കേസെടുത്തു. നാല് പി.എൻ.ബി ഉദ്യോഗസ്ഥരെ സി.ബി.ഐ ചോദ്യം ചെയ്തു. മൂന്ന് മുഖ്യ കമ്പനികള്‍ക്ക് കീഴിലുള്ള 36 ചെറു കമ്പനികളില്‍ ഇന്ത്യയിലുള്ള 18 എണ്ണം സി.ബി.ഐ നിരീക്ഷണത്തിലാണ്. 26 കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച സി.ബി.ഐ റെയ്ഡിനും തുടക്കമിട്ടു. റെയ്ഡിനിടെ കെണ്ടത്തിയ ആഭരണങ്ങള്‍ സി.ബി.ഐ ഇ.ഡിക്ക് കൈമാറി. കഴിഞ്ഞ ദിവസം വിവിധ നഗരങ്ങളിലായി 17 സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തിയ ഇ.ഡി വെള്ളിയാഴ്ചയും റെയ്ഡ് തുടര്‍ന്നു.
50ഓളം സ്ഥാപനങ്ങളില്‍ റെയ്ഡ് നടക്കുന്നതായാണ് വിവരം. വായ്പ തട്ടിപ്പ് തുകക്ക് തുല്യമായ വസ്തുക്കള്‍ കണ്ടെടുക്കുംവരെ റെയ്ഡ് തുടരും. കഴിഞ്ഞ ദിവസം 5,600 കോടി രൂപയുടെ ആഭരണങ്ങളും വജ്ര കല്ലുകളും ഫിക്സഡ് ഡെപ്പോസിറ്റ് രേഖകളും കണ്ടെടുത്തിരുന്നു. അതെസമയം, തുക 11,400 കോടിയും കടക്കുമെന്നാണ് സൂചന. കാലാവധി കഴിഞ്ഞ കൂടുതല്‍ ജാമ്യപത്രങ്ങള്‍ നീരവ് മോദിയുടെ കമ്പനികള്‍ പണമാക്കി മാറ്റിയതായി പറയപ്പെടുന്നു.
ആദായ നികുതി വകുപ്പും സംഭവത്തില്‍ ഇടപെട്ടിട്ടുണ്ട്. നീരവ് മോദിയുടെ ഫയര്‍ സ്റ്റാര്‍ ഡൈമണ്ട് ഇൻറര്‍നാഷനല്‍ പ്രൈവറ്റ് ലിമിറ്റഡിെൻറ 21 ബാങ്ക് അക്കൗണ്ടുകളാണ് വെള്ളിയാഴ്ച ആദായ നികുതി വകുപ്പ് മരവിപ്പിച്ചത്. വായ്പ തട്ടിപ്പില്‍ ഓഹരി വിപണി നിരീക്ഷിക്കുന്ന സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ചി ബോര്‍ഡ് ഓഫ് ഇന്ത്യയും (സെബി) അന്വേഷണം ആരംഭിച്ചു. 2013ല്‍ നിയമവിരുദ്ധ ഓഹരി ഇടപാടില്‍ നീരവ് മോദിയുടെ അമ്മാവന് മെഹുല്‍ ചോക്സിക്ക് ഓഹരി വിപണിയില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
അതിനിടെ, വായ്പാ കുംഭകോണവുമായി ബന്ധപ്പെട്ട് ഒരു ജനറല്‍ മാനേജര്‍ ഉൾപ്പെടെ എട്ട് പേരെ കൂടി പി.എൻ.ബി സസ്പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസം 10 പേരെ സസ്പെൻഡ് ചെയ്തിരുന്നു. നീരവ് മോദിയുടെ കമ്പനികള്‍ക്ക് വഴിവിട്ട് കടപ്പത്രം അനുവദിച്ച ദക്ഷിണ മുംബൈ ശാഖയിലെ ഡെപ്യൂട്ടി മാനേജറായിരുന്ന ഗോപാല്‍നാഥ് ഷെട്ടി ഒളിവിലാണെന്ന് അന്വേഷണ വൃത്തങ്ങള്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.