വിശാഖപട്ടണത്ത് വിഷവാതകദുരന്തം; 11 പേർ മരിച്ചു; 25 പേർ ഗുരുതരാവസ്ഥയിൽ
text_fieldsവിജയവാഡ: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വ്യവസായശാലയിൽനിന്ന് ചോർന്ന വിഷവാതകം ശ്വസിച്ച് മരിച്ചവരുടെ എണ്ണം 11 ആയി. വിശാഖപട്ടണം ജില്ലയിലെ ആർ.ആർ വെങ്കട്ടപുരത്തുള്ള എൽ.ജി പോളിമർ ഇൻഡസ്ട്രീസിൽ നിന്നാണ് രാസവാതകം ചോർന്നത്. വ്യാവസായിക മേഖലയിലാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്.
മരിച്ചവരിൽ ഒരാൾ എട്ട് വയസ്സുകാരിയാണ്. വ്യാഴാഴ്ച പുലർച്ച മൂന്നോടെയാണ് ചോർച്ച ഉണ്ടായത്. അധികൃതർ സമീപത്തെ 20 ഗ്രാമങ്ങൾ ഒഴിപ്പിക്കുന്നുണ്ട്. ദുരന്ത നിവാരണ സേനയും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അതേസമയം, രാവിലെ പത്തോടെ പ്ലാൻറിലെ ചോർച്ച പരിഹരിച്ചതായി അധികൃതർ അറിയിച്ചു.
വിഷവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ശാരീരികാസ്വാസ്ഥ്യമുള്ളവെര ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസുകൾക്ക് പുറമെ ഗുഡ്സ്, ഓട്ടോറിക്ഷ, കാർ എന്നിവയിലെല്ലാമാണ് ആളുകളെ ആശുപത്രിയിലെത്തിച്ചത്. വിശാഖപട്ടണത്തെ കിങ് ജോർജ് ആശുപത്രിയിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ജഗൻ മോൻ റെഡ്ഡി ഉടൻ ആശുപത്രിയിലെത്തുമെന്നാണ് വിവരം. 300ലധികം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
50ഓളം പേർ റോഡുകളിൽ വീണുകിടക്കുന്നതായി സർക്കിൾ ഇൻസ്പെക്ടർ രാമണയ്യ അറിയിച്ചു. രണ്ട് മണിക്കൂർ കൊണ്ട് സ്ഥിതി നിയന്ത്രണവിധേയമാക്കാൻ കഴിയുമെന്ന് ജില്ല കലക്ടർ വി. വിനയ് ചന്ദ് അറിയിച്ചു. ശ്വാസതടസ്സം നേരിടുന്നവർക്ക് ആവശ്യമായ ഓക്സിജൻ നൽകുമെന്നും അദ്ദേഹം അറിയിച്ചു.
സംഭവം നടന്നയുടൻ പ്രദേശമാകെ പുകപടലം നിറഞ്ഞതായി ദൃക്സാക്ഷികൾ പറയുന്നു. ആയിരത്തിലധികം പേരെയാണ് വിഷവാതക ചോർച്ച നേരിട്ട് ബാധിച്ചത്. നിരവധി പേർ ബോധരഹിതരായി വീടുകളിലും റോഡുകളിലും വീണു. ബൈക്ക് യാത്രക്കിടെ ബോധരഹിതരായി വീണവരുടെയും അഴുക്കുചാലുകളിൽ വീണുകിടക്കുന്നവരുടെയും ദൃശ്യങ്ങൾ പുറത്തുവന്നു. മനുഷ്യർക്ക് പുറമെ കന്നുകാലികളും ദുരന്തത്തിന് ഇരയായി.
അഞ്ച് കിലോമീറ്റർ പരിധിയിൽ വാതകം വ്യാപിച്ചു. ആളുകളോട് പുറത്തിറങ്ങരുതെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. പ്ലാസ്റ്റികും അനുബന്ധ വസ്തുക്കളും നിർമിക്കുന്ന ഫാക്ടറിയിൽനിന്നാണ് വാതകം ചോർന്നത്. 1961ൽ ഹിന്ദുസ്ഥാൻ പോളിമേർസ് എന്ന പേരിലാണ് ഈ സ്ഥാപനം തുടങ്ങുന്നത്. 1997ൽ ദക്ഷിണ കൊറിയൻ കമ്പനിയായ എൽ.ജി ഏറ്റെടുക്കുകയായിരുന്നു. ലോക്ഡൗണായതിനാൽ 40 ദിവസം അടച്ചിട്ടിരുന്ന പ്ലാൻറ് കഴിഞ്ഞദിവസമാണ് തുറന്നത്. ഇത്രയും ദിവസം അടച്ചിട്ടശേഷം മതിയായ മുൻകരുതലുകളില്ലാതെ ഫാക്ടറി തുറന്നതാണ് അപകടത്തിന് കാരണമെന്ന് സംശയിക്കുന്നു.
സംഭവത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വെ.എസ്. ജഗൻമോഹൻ റെഡ്ഡി അറിയിച്ചു. ജില്ല ഭരണകൂടത്തോട് അടിയന്തര നടപടിയെടുക്കാൻ നിർേദശിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം അറിയിച്ചു. ചോർച്ച പൂർണമായും പരിഹരിച്ചതായി എൽ.ജി കമ്പനി അധികൃതരും അറിയിച്ചു. സംഭവസ്ഥലത്തേക്ക് വിദഗ്ധ സംഘത്തെ അയക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.