മഹാരാഷ്ട്രയിൽ കനത്തമഴ, വെള്ളപ്പൊക്കം; പുണെയിൽ വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം
text_fieldsമുംബൈ: കനത്ത മഴയേത്തുടർന്ന് മഹാരാഷ്ട്രയിലെ വിവിധയിടങ്ങളിൽ വെള്ളം കയറി വ്യാപക നാശനഷ്ടം. പുണെയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിരിക്കുകയാണ്. പിംപ്രിചിഞ്ച്വാഡിലെ റെസിഡൻഷ്യൽ അപാർട്ട്മെന്‍റുകളിൽ വെള്ളംകയറി. വെള്ളക്കെട്ടിലൂടെ നടന്ന മൂന്ന് പേർ വൈദ്യുതാഘാതമേറ്റ് മരിച്ചു.
മുംബൈയിലും സമീപ പ്രദേശമായ താനെയിലും കനത്ത മഴ തുടരുകയാണ്. സിയോൻ, ചെമ്പൂർ, കുർള, മുംബ്ര എന്നിവടങ്ങളിൽ വെള്ളംകയറി. അന്ധേരി സബ് വേ അടച്ചിരിക്കുകയാണ്. മുംബൈ കോർപറേഷനിൽ കുടിവെള്ളവിതരണം നടത്താനുള്ള ജലെ ശേഖരിക്കുന്ന വിഹാർ, മോദക്സാഗർ തടാകങ്ങൾ കവിഞ്ഞൊഴുകുകയാണ്. നഗരത്തിൽ പലയിടത്തും ഗതാഗതം സ്തംഭിച്ചു.
പുണെയിലെ എകതാ നഗർ, സിൻഹഡ് റോഡ്, വാർജേ എന്നിവിടങ്ങളിൽ ദേശീയ ദുരന്തനിവാരണ സംഘത്തെ വിന്യസിച്ചിട്ടുണ്ട്. മുത നദിക്ക് കുറുകെയുള്ള പാലം വെള്ളത്തിനടിയിലായി. വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് 48 മണിക്കൂർ പ്രവേശനം വിലക്കി. അനാവശ്യമായി വീടിനു പുറത്തിറങ്ങരുതെന്ന് പുണെ നിവാസികൾക്ക് നിർദേശമുണ്ട്. വ്യാഴാഴ്ചയും കനത്ത മഴക്ക് സാധ്യത പ്രവചിച്ച കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.