താജ്മഹലിൽ പ്രാർഥന നടത്തിയ മൂന്ന് ഹിന്ദു മഹാസഭ പ്രവർത്തകർ അറസ്റ്റിൽ
text_fieldsആഗ്ര: ചരിത്ര സ്മാരകമായ താജ്മഹൽ സമുച്ചയത്തിനുള്ളിൽ വെച്ച് പ്രാർഥന നടത്തിയ മൂന്ന് ഹിന്ദു മഹാസഭ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. താജ്മഹൽ കോമ്പൗണ്ടിനുള്ളിൽ പ്രവേശിച്ച് ശിവ പ്രതിഷ്ഠയിൽ പ്രാർഥന നടത്തിയതിനാണ് ഒരു സ്ത്രീയടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. സ്മാരക സംരക്ഷണത്തിനായി വിന്യസിച്ച സി.ഐ.എസ്.എഫ് ജവാൻമാരാണ് മൂവരെയും പിടികൂടി പൊലീസിലേൽപ്പിച്ചത്. അവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും താജ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ഉമേഷ് ചന്ദ്ര ത്രിപാഠി പറഞ്ഞു. സമുച്ചയത്തിലെ സെൻട്രൽ ടാങ്കിന് സമീപമുള്ള ബെഞ്ചിലിരുന്ന് ഹിന്ദു മഹാസഭയുടെ പ്രവിശ്യാ പ്രസിഡന്‍റ് മീന ദിവാകർ മറ്റ് രണ്ട് പേരോടൊപ്പം പ്രാർഥിക്കാൻ തുടങ്ങുകയായിരുന്നു.
കഴിഞ്ഞ വർഷം ഒക്ടോബറിൽ താജ്മഹലിനുള്ളിലേക്ക് കാവിക്കൊടിയുമായി അതിക്രമിച്ചു കയറിയതിന് ഹിന്ദു ജാഗരൺ മഞ്ച് എന്ന സംഘടനയുടെ പ്രവർത്തകർ പിടിയിലായിരുന്നു. ആർ.എസ്.എസുമായി അടുത്തുനിൽക്കുന്ന സംഘടനയായ ഹിന്ദു ജാഗരൺ മഞ്ചിന്‍റെ ആഗ്ര യൂണിറ്റ് പ്രസിഡന്‍റ് ഗൗരവ് താക്കൂറിന്‍റെ നേതൃത്വത്തിൽ അവിടെ പ്രാർഥന നടത്തുകയും ചെയ്തിരുന്നു.
'താജ്മഹൽ യഥാർഥത്തിൽ തേജോമഹാലയ എന്ന ശിവക്ഷേത്രമായിരുന്നു. കുറച്ച് വർഷങ്ങളായി ഞാൻ താജ്മഹലിൽ എത്താറുണ്ട്. അഞ്ച് തവണയെങ്കിലും ഇവിടെവച്ച് ശിവനോട് പ്രാർഥിച്ചിട്ടുണ്ട്. സ്മാരകം ഹിന്ദുക്കൾക്ക് കൈമാറാൻ സർക്കാർ സമ്മതിക്കുന്നതുവരെ അത് തുടരും'- ഗൗരവ് താക്കൂർ പ്രാദേശിക മാധ്യമപ്രവർത്തകരോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.