ബി.ജെ.പിക്ക് പിന്തുണയുമായി ഗുജറാത്തിലെ മൂന്ന് സ്വതന്ത്ര എം.എൽ.എമാർ
text_fieldsഗാന്ധിനഗർ: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ വിമതരായി മത്സരിച്ച് വിജയിച്ച മൂന്ന് പേർ ഭരണകക്ഷിയായ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ബയാദിൽ നിന്ന് ജയിച്ച ധവൽസിൻഹ് സാല, വഗോഡിയയിലെ ധർമേന്ദ്രസിങ് വഗേല, ധനേരയിൽ നിന്ന് ജയിച്ച മാവ്ജിഭായ് ദേശായി എന്നിവരാണ് പിന്തുണയുമായി ഗവർണറെ കണ്ടത്.
ബി.ജെ.പി സീറ്റ് നിഷേധിച്ചതിനെതുടർന്നാണ് ഇവർ വിമതരായി മത്സരിച്ചത്. ഇതേത്തുടർന്ന് മൂവരെയും ബി.ജെ.പി പുറത്താക്കിയിരുന്നു. 182 ൽ 156 സീറ്റ് നേടിയാണ് ബി.ജെ.പി അധികാരം നിലനിർത്തിയത്.
ഗുജറാത്ത് ഗവർണർ ആചാര്യ ദേവവ്രത്തിനെ വിളിച്ച് മൂന്ന് വിമതരും ബിജെപിയെ പിന്തുണയ്ക്കാനുള്ള തീരുമാനം അറിയിച്ചു. ചൊവ്വാഴ്ച രാവിലെ 15-ാം നിയമസഭയുടെ ആദ്യ സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി ഇവർ ഗവർണർക്ക് കത്ത് നൽകുകയും ചെയ്തു. വെവ്വേറെയായാണ് കത്ത് കൈമാറിയതെങ്കിലും ഉള്ളടക്കം ഒരുപോലെയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിന്റെയും ജനോപകാരപ്രദമായ പ്രവർത്തനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ബിജെപിയെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്ന് മൂന്ന് എംഎൽഎമാരും കത്തിൽ പറഞ്ഞു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട നിയമസഭാ സ്പീക്കർ ശങ്കർ ചൗധരിയെ കാണ്ട മൂന്നുപേരും ഭരണകക്ഷിയെ പിന്തുണയ്ക്കാനുള്ള തീരുമാനം അറിയിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.