ജഡ്ജിയുടെ വീട്ടിലെ പണക്കൂമ്പാരം; അന്വേഷിക്കാൻ സുപ്രീംകോടതിയുടെ മൂന്നംഗ സമിതി
text_fieldsജസ്റ്റിസ് യശ്വന്ത് വർമ
ന്യൂഡൽഹി: ഡൽഹി ഹൈകോടതി ജഡ്ജി യശ്വന്ത് വർമയുടെ വീട്ടിൽനിന്ന് പണക്കൂമ്പാരം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണത്തിന് സുപ്രീംകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചു. പഞ്ചാബ്-ഹരിയാന ഹൈകോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധാവാലിയ, കര്‍ണാടക ഹൈകോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരാണ് അംഗങ്ങള്‍. അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മയെ ജുഡീഷ്യല്‍ ജോലികളില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് ഡല്‍ഹി ഹൈകോടതി ചീഫ് ജസ്റ്റിസിനോട് നിർദേശിച്ചിട്ടുണ്ടെന്നും സുപ്രീംകോടതി അറിയിച്ചു.
മാർച്ച് 14ന് രാത്രി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിലെ തീപിടിത്തത്തിന് പിന്നാലെയാണ് കെട്ടുകണക്കിന് പണം കണ്ടെത്തിയത്. തീ അണക്കാൻ എത്തിയ അഗ്നിശമനസേനക്കാണ് കണക്കിൽപെടാത്ത കെട്ടുകണക്കിന് പണം ലഭിച്ചത്. അഗ്നിശമനസേന എത്തുമ്പോൾ ജഡ്ജി വീട്ടിലുണ്ടായിരുന്നില്ല. തീ അണച്ചതിന് ശേഷം നശിച്ച സാധനങ്ങളുടെ കണക്കെടുപ്പ് നടത്തുകയായിരുന്ന ഉദ്യോഗസ്ഥരാണ് പണം കണ്ടെത്തിയത്.
വിശദമായ പരിശോധനയിൽ അനധികൃത പണമാണെന്ന് മനസ്സിലായി. ഇതോടെ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. സംഭവം കേന്ദ്ര സർക്കാർ സുപ്രീംകോടതി കൊളീജിയത്തിന്‍റെ ശ്രദ്ധയിൽപെടുത്തി. ഇതിന് പിന്നാലെ വിഷയം ചർച്ച ചെയ്യാൻ അടിയന്തര കൊളീജിയം യോഗം വിളിക്കുകയും ജഡ്ജിയെ അടിയന്തരമായി അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റുകയും ചെയ്തിരുന്നു. 2021 ഒക്ടോബറിലാണ് യശ്വന്ത് വർമ ഡൽഹി ഹൈകോടതിയിൽ നിയമിതനായത്.
യശ്വന്ത് വർമയെ അലഹബാദ് ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയതിനെ രൂക്ഷമായി വിമർശിച്ച് അലഹബാദ് ഹൈകോടതി ബാർ അസോസിയേഷൻ രംഗത്തെത്തിയിട്ടുണ്ട്. അലഹബാദ് ഹൈകോടതി ചവറ്റുകൊട്ടയല്ലെന്നും ജസ്റ്റിസ് യശ്വന്ത് വർമയെ സ്ഥലംമാറ്റാനാവില്ലെന്നും ബാർ അസോസിയേഷൻ വ്യക്തമാക്കി. സ്ഥലംമാറ്റം പ്രാബല്യത്തിൽ വന്നാൽ അലഹബാദ് ഹൈകോടതി ബാർ അസോസിയേഷൻ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തുമെന്നാണ് വിവരം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.