‘നിസർഗ’ ചുഴലിക്കാറ്റ്: മഹാരാഷ്ട്രയിൽ മരണസംഖ്യ മൂന്നായി
text_fieldsമുംബൈ: മഹാരാഷ്ട്രയിൽ വീശിയടിച്ച ‘നിസർഗ’ചുഴലിക്കാറ്റിൽ മരിച്ചവരുടെ എണ്ണം മൂന്നായി. ഖേദിലെ വഹാഗോൻ ഗ്രാമത്തിൽ വീട് തകർന്നു വീണ് 65കാരിയാണ് മരിച്ചത്. ഹവേലി മൊകാർവാഡിയിൽ താമസിക്കുന്ന 52കാരൻ പ്രകാശ് മൊകാറാണ് മരിച്ച മൂന്നാമത്തെ ആൾ. വീടിന്റെ മേൽക്കൂര തകർന്നു വീണാണ് അപകടം.
ചുഴലിക്കാറ്റിൽ വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണ് മഹാരാഷ്ട്ര അലിബാഗിലെ ഗ്രാമത്തിൽ 58 കാരൻ ബുധനാഴ്ച മരിച്ചിരുന്നു. ശക്തയേറിയ കാറ്റിലുണ്ടായ അപടകത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
വൈദ്യുതി പോസ്റ്റുകളും 85 മരങ്ങളും കടപുഴകി. കനത്ത മഴയിൽ മുംബൈ, പുണെ നഗരങ്ങളിൽ ചിലയിടങ്ങളിൽ വെള്ളം കയറി.
ഉച്ച 12.30ടെയാണ് 120 കിലോമീറ്റർ വേഗതയിലെത്തിയ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലുള്ള ആലിബാഗ് തീരത്തെത്തിയത്. ഗുജറാത്തിലെ വൽസാദ്, നവ്സാരി ജില്ലകളിലും നിസർഗ എത്തിയെങ്കിലും അധിക വേഗമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയുടെ വടക്കുകിഴക്കൻ ഭാഗങ്ങളിലെത്തുമ്പോൾ കാറ്റ് ആഞ്ഞടിച്ചേക്കുമെന്നാണ് കരുതിയത്. എന്നാൽ, വൈകീട്ടോടെ ശക്തി കുറയുന്നതാണ് കണ്ടത്.
ഗുജറാത്തിലെ തീരപ്രദേശത്തെ എട്ടു ജില്ലകളിൽ നിന്നായി 63,700ഓളം പേരെയും മുംബൈ തീരമേഖലയിലെ 40,000 പേരെയും മുൻകരുതലിന്റെ ഭാഗമായി മാറ്റിപ്പാർപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.