രാമനവമി ഘോഷയാത്രക്കിടയിലെ വംശീയ ആക്രമണം; മാർച്ച് മുതൽ ജയിലിൽ കിടക്കുന്ന മുസ്‍ലിം യുവാക്കളും പ്രതികൾ
text_fieldsഭോപ്പാൽ: ഈ മാസം ആദ്യം മധ്യപ്രദേശിലെ ബർവാനി ജില്ലയിൽ നടന്ന വർഗീയ സംഘർഷത്തിൽ മുസ്‍ലിംകൾക്കെതിരെ പൊലീസ് വ്യാപകമായി കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. കേസുകൾക്ക് പുറമേ മുസ്‍ലിംകളുടെ വീടുകളും അധികൃതർ എത്തി ബുൾഡോസറുകൾ ഉപയോഗിച്ച് ഇടിച്ചുനിരത്തിയിരുന്നു. ഇതിനേക്കാൾ ഞെട്ടിക്കുന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഒരു മാസമായി മറ്റ് കേസുളിൽ ജയിലിൽ കഴിയുന്ന മൂന്ന് മുസ്‍ലിം യുവാക്കളെയാണ് ഈ ആഴ്ച നടന്ന ഹിന്ദുത്വ ആക്രമണത്തിൽ പ്രതികളായി ചേർത്തിരിക്കുന്നതെന്ന് എൻ.ഡി ടി.വി റിപ്പോർട്ട് ചെയ്യുന്നു. രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങൾക്ക് സാക്ഷ്യം വഹിച്ച രണ്ട് ജില്ലകളിലൊന്നായ ബർവാനി ജില്ലയിലെ സെൻധ്‌വയിൽ ഏപ്രിൽ 10ന് മോട്ടോർ ബൈക്ക് കത്തിച്ച കേസിലെ പ്രതികളാണ് കഴിഞ്ഞ മാസം അറസ്റ്റിലായ ശേഷം ജയിലിൽ കഴിയുന്ന മൂന്ന് പേർ.
വധശ്രമത്തിന് കേസെടുത്ത അതേ പൊലീസ് സ്‌റ്റേഷനിലാണ് ഇതിനെതിരെയും കേസെടുത്തിരിക്കുന്നത്. വീഴ്ചയെക്കുറിച്ച് ചോദിച്ചപ്പോൾ, പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
"ഞങ്ങൾ വിഷയം അന്വേഷിച്ച് ജയിൽ സൂപ്രണ്ടിൽ നിന്ന് അവരുടെ വിവരങ്ങൾ എടുക്കും. പരാതിക്കാരന്റെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്" -മുതിർന്ന പൊലീസ് ഓഫീസർ മനോഹർ സിംഗ് പറഞ്ഞു. ജയിലിൽ കഴിയുന്ന ഷഹബാസ്, ഫക്രു, റൗഫ് എന്നിവർക്കെതിരെയാണ് പുതിയ കേസ്. മാർച്ച് അഞ്ചിന് രജിസ്റ്റർ ചെയ്ത വധശ്രമക്കേസിൽ മൂന്ന് പേരും ജയിലിലാണ്.
വർഗീയ സംഘർഷത്തിന് ശേഷം തന്റെ വീട് തകർത്തെന്നും തനിക്ക് നോട്ടീസ് നൽകിയില്ലെന്നും ഷഹബാസിന്റെ അമ്മ സക്കീന ആരോപിച്ചു. "പൊലീസ് ഇവിടെ വന്നു. എന്റെ മകൻ ഏകദേശം ഒന്നര മാസമായി ജയിലിലാണ്. വഴക്കിന് ശേഷം അവനെ അറസ്റ്റ് ചെയ്തു. പക്ഷേ പൊലീസ് ഞങ്ങളെ പുറത്താക്കി. എന്റെ കുട്ടി ജയിലിലാണ്. അതിനാൽ എന്തുകൊണ്ടാണ് അവനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്ന് എനിക്ക് ചോദിക്കണം. അവൻ ജയിലിലാണെന്ന് ഞങ്ങൾ പൊലീസുകാരോട് പറഞ്ഞു. പക്ഷേ ആരും ഞങ്ങളെ കേൾക്കാൻ തയ്യാറായില്ല. ഞങ്ങൾ കൈകൂപ്പി ക്ഷമാപണം നടത്തി. അവർ എന്റെ ഇളയ മകനെയും കൂട്ടിക്കൊണ്ടുപോയി" -അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.