യു.എ.പി.എ കേസിൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത മൂന്ന് പേരെ കോടതി വെറുതെ വിട്ടു
text_fieldsന്യൂഡൽഹി: യു.എ.പി.എ ചുമത്തി എൻ.ഐ.എ അറസ്റ്റ് ചെയ്ത മൂന്ന് പേരെ വെറുതെ വിട്ടു. ഇന്ത്യൻ മുജാഹിദീൻ പ്രവർത്തകരെന്ന് ആരോപിച്ചായിരുന്നു എൻ.ഐ.എ അറസ്റ്റ് ചെയ്തത്. ദുബൈയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അബ്ദുൽ വാഹിദ് സിദിബാപ്പ, മുൻ സിമി അംഗം മൻസാർ ഇമാം, ആരിസ് ഖാൻ എന്നിവരെയാണ് വെറുതെ വിട്ടത്. സിദിബാപ്പ 2016 മുതൽ ജയിലിലാണ്. മൻസാർ ഇമാം 2013 മുതൽ ജയിലിൽ തുടരുകയാണ്. ആരിസ് ഖാൻ 2008ലെ ബട്‍ല ഹൗസ് കൊലപാതക കേസിലെ പ്രതിയാണ്.
അഡീഷണൽ സെഷൻസ് ജഡ്ജി ഷൈലേന്ദർ മാലിക്കിന്റേതാണ് ഉത്തരവ്. 2012ലാണ് എൻ.ഐ.എ ഇതുസംബന്ധിച്ച കേസ് രജിസ്റ്റർ ചെയ്യുന്നത്. കേസിൽ പ്രതികളായ മൂന്ന് പേരും ഇന്ത്യൻ മുജാഹിദീൻ അംഗങ്ങളാണെന്നും രാജ്യത്ത് സ്ഫോടനം നടത്താൻ ഇവർ പദ്ധതിയിട്ടുവെന്നുമാണ് എൻ.ഐ.എ കുറ്റപത്രം. പാകിസ്താൻ കേന്ദ്രമാക്കിയാണ് ഇവരുടെ പ്രവർത്തനമെന്നും കുറ്റപത്രം പറയുന്നു.
കേസിലെ പ്രതിയായ സിദ്ദിബാപ്പ 2016 മെയ് 20ന് ഇന്ദിരാഗാന്ധി ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നാണ് അറസ്റ്റിലായത്. ഇന്ത്യയിലെ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പാകിസ്താനിൽ നിന്നും ദുബൈ വഴി ഹവാല പണമെത്തിച്ചത് സിദിബാപ്പയാണെന്നാണ് എൻ.ഐ.എ വ്യക്തമാക്കുന്നത്. എന്നാൽ, ഹവാല നിയമവിരുദ്ധമാണെങ്കിലും ഇടപാട് നടത്തിയതിന്റെ പേരിൽ മാത്രം യു.എ.പി.എ വകുപ്പുകൾ ചുമത്താനാവില്ലെന്നായിരുന്നു കോടതി നിരീക്ഷണം. ഹവാല ഇടപാട് തെളിയിക്കാൻ കൊണ്ടുവന്ന സാക്ഷികളെയും കോടതി മുഖവിലക്കെടുത്തില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.