ഇ.ഡി, ഇൻകം ടാക്സ്, സി.ബി.ഐ; ഇവയാണ് എൻ.ഡി.എയിലെ ശക്തരായ മൂന്ന് പാർട്ടികൾ -പരിഹാസവുമായി ഉദ്ധവ് താക്കറെ
text_fieldsമുംബൈ: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി), സെൻട്രൽ ബ്യൂറോ ഒാഫ് ഇൻവെസ്റ്റിഗേഷൻ(സി.ബി.ഐ), ഇൻകം ടാക്സ് ഡിപാർട്മെന്റ് ഇവയാണ് എൻ.ഡി.എയിലെ മൂന്ന് ശക്തരായ പാർട്ടികളെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ പരിഹാസം. ശിവസേന മുഖപത്രമായ സാമ്നക്ക് എക്സിക്യൂട്ടീവ് എഡിറ്റർ സഞ്ജയ് റാവുത്ത് എം.പിയുമായുള്ള അഭിമുഖത്തിലാണ് താക്കറെയുടെ പരാമർശം. അഭിമുഖത്തിന്റെ ആദ്യഭാഗമാണ് ബുധനാഴ്ച പുറത്തിറങ്ങിയത്.
വർഷങ്ങൾക്കുശേഷം എൻ.ഡി.എ എന്ന അമീബ ഇപ്പോഴും രാജ്യത്ത് സജീവമാണെന്ന് ഞാൻ മനസിലാക്കി. ഇന്ത്യ എന്ന പേരിൽ ദേശസ്നേഹികളായ പ്രതിപക്ഷ പാർട്ടികൾ സഖ്യത്തിന് രൂപം നൽകിയതിനു പിന്നാലെ നമ്മുടെ പ്രധാനമന്ത്രി എൻ.ഡി.എയുടെ ഭാഗമായ 36 പാർട്ടികളുടെ യോഗം വിളിച്ചുചേർത്തിരിക്കുന്നു. നിലവിൽ ഇ.ഡി, ഇൻകം ടാക്സ്, സി.ബി.ഐ എന്നീ മൂന്ന് പാർട്ടികളാണ് എൻ.ഡി.എയിലെ പ്രബലർ.''-താക്കറെ പരിഹസിച്ചു.
പഴയ അണികളായ ശിവസേന, അകാലി ദൾ എന്നിവ നേരത്തേ തന്നെ എൻ.ഡി.എ വിട്ടു.ഇപ്പോൾ എൻ.ഡി.എയിലുള്ള ചില പാർട്ടികൾക്ക് ഒരു എം.പിമാർ പോലുമില്ല. തെരഞ്ഞെടുപ്പുകൾ വരുമ്പോൾ ബി.ജെ.പിക്ക് അവരുടെ സർക്കാർ എൻ.ഡി.എ സർക്കാരാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ അത് മോദി സർക്കാരായി മാറുമെന്നും അദ്ദേഹം പരിഹസിച്ചു. -താക്കറെ ചൂണ്ടിക്കാട്ടി.
കലാപ മേഖലയായ മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.
''ഞാൻ ആവർത്തിച്ച് സൂചിപ്പിക്കുകയാണ്. മണിപ്പൂർ നമ്മുടെ രാജ്യത്തിന്റെ ഭാഗമാണ്. അത് നമ്മുടെ രാജ്യത്ത് നിന്ന് വേർപെട്ടു പോകുമോ എന്ന ഭയപ്പാടിലാണ് ഞാൻ. ഇരട്ട എൻജിനുള്ള ബി.ജെ.പി സർക്കാർ മണിപ്പൂരിൽ സമ്പൂർണ പരാജയമാണ്. മണിപ്പൂരും കശ്മീരും കത്തുകയാണിപ്പോൾ. രണ്ടു സംസ്ഥാനങ്ങളും സമാനരീതിയിലുള്ള അസ്ഥിരതയാണ് നേരിടുന്നത്. ആറു വർഷമായി കശ്മീരിൽ തെരഞ്ഞെടുപ്പ് പോലുമുണ്ടായിട്ടില്ല. അതാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് രാജ്യത്തെ സംബന്ധിച്ച് പരമപ്രധാനമാണെന്ന് ഞാൻ പറയുന്നത്. ഈ ബി.ജെ.പി സർക്കാർ തന്നെയാണ് വീണ്ടും അധികാരത്തിൽ വരുന്നതെങ്കിൽ നമ്മുടെ രാജ്യത്ത് ജനാധിപത്യം ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇനിയൊരിക്കലും ഇവിടെ തെരഞ്ഞെടുപ്പ് പോലുമുണ്ടാകില്ല.''-ഉദ്ധവ് താക്കറെ അഭിപ്രായപ്പെട്ടു.
ഏക സിവിൽകോഡ് കൊണ്ടുവരുന്നതിന് മുമ്പ് കശ്മീർ മുതൽ കന്യാകുമാരി വരെ ഗോവധ നിരോധനം കൊണ്ടുവരികയാണ് ബി.ജെ.പി ചെയ്യേണ്ടത്. നിയമത്തിന് മുന്നിൽ എല്ലാവരും സമൻമാരാണെങ്കിൽ അഴിമതിക്കാരായ ബി.ജെ.പി നേതാക്കളെയും ശിക്ഷിക്കണമെന്നും ഉദ്ധവ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.