സാങ്കേതിക തകരാർ: 48 മണിക്കൂറിനിടെ ഇന്ത്യയിൽ അടിയന്തരമായി നിലത്തിറക്കിയത് മൂന്നു വിമാനങ്ങൾ
text_fieldsന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് 48 മണിക്കൂറിനിടെ ഇന്ത്യയിൽ അടിയന്തരമായി നിലത്തിറക്കിയത് മൂന്ന് അന്താരാഷ്ട്ര വിമാനങ്ങൾ. ശനിയാഴ്ചയും വെള്ളിയാഴ്ചയുമായി കോഴിക്കോട്, ചെന്നൈ, കൊൽക്കത്ത എന്നിവടങ്ങളിലാണ് വിമാനങ്ങൾ അടിയന്തരമായി ഇറക്കിയതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു.
ഷാർജയിൽ നിന്നു കൊച്ചിയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം ഹൈഡ്രോളിക് സംവിധാനം തകരാറിലായതിനെ തുടർന്ന് അടിയന്തരമായി കൊച്ചിയിൽ ഇറക്കി. ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് യന്ത്രത്തകരാറുണ്ടായതിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്ന് അധികൃതർ അറിയിച്ചു.
ആഡിസ് അബാബയിൽ നിന്നും ബാങ്കോങ്ങിലേക്ക് പുറപ്പെട്ട എത്യോപ്യൻ വിമാനവും സാങ്കേതിക തകരാറിനെത്തുടർന്ന് കൊൽക്കത്തയിൽ ഇറക്കിയിരുന്നു. വെള്ളിയാഴ്ച ശ്രീലങ്കൻ എയർലൈൻസിന്റെ ഒരു വിമാനവും ഹൈഡ്രോളിക് തകരാർ കാരണം ചെന്നൈ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി.
അതേസമയം, ഷാർജയിൽ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ കറാച്ചി വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ടു. വിമാനം മുൻകരുതലായി കറാച്ചിയിൽ ഇറക്കിയതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർലൈൻ അധികൃതർ അറിയിച്ചു. രണ്ടാഴ്ചക്കിടെ കറാച്ചിയിൽ ഇറക്കുന്ന രണ്ടാമത്തെ ഇന്ത്യൻ വിമാനമാണിത്.
ഈ മാസം ആദ്യം ഡൽഹിയിൽനിന്ന് ദുബൈയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനം ഇൻഡിക്കേറ്റർ തകരാർ കാരണം കറാച്ചിയിൽ ഇറക്കിയിരുന്നു. തുടർന്ന് മറ്റൊരു വിമാനത്തിൽ യാത്രക്കാരെ ദുബൈയിൽ എത്തിച്ചു.
വ്യാഴാഴ്ച ഡൽഹിയിൽ നിന്നും വഡോദരയിലേക്ക് പോയ ഇൻഡിഗോ വിമാനവും എൻജിനിലുണ്ടായ തകരാറിനെ തുടർന്ന് ജയ്പൂരിലേക്ക് തിരിച്ചു വിട്ടിരുന്നു. തുടർച്ചയായുണ്ടാവുന്ന സംഭവങ്ങളിൽ വിശദമായ അന്വേഷണത്തിന് ഡി.ജി.സി.എ ഉത്തരവിട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.