ചെന്നൈയിൽ എയർഷോക്കിടെ നിർജ്ജലീകരണം ബാധിച്ച് മൂന്ന് പേർ മരിച്ചു; 230 പേർ ആശുപത്രിയിൽ
text_fieldsചെന്നൈ: എയർഷോക്കിടെ നിർജ്ജലീകരണം ബാധിച്ച് മൂന്ന് പേർ മരിച്ചു. 230 പേർ കുഴഞ്ഞുവീണു. ഇന്ത്യൻ എയർഫോഴ്സിന്റെ 92ാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ എയർഷോക്കിടെയാണ് സംഭവം. ഇന്ത്യൻ എയർഫോഴ്സിന്റെ ശക്തി ലോകത്തിന് മുന്നിൽ കാണിക്കുന്നതിന് വേണ്ടിയാണ് എയർഷോ നടത്തിയത്.
പെരുഗലത്തുർ സ്വദേശിയായ ശ്രീനിവാസൻ, തിരുവോട്ടിയുർ സ്വദേശിയായ കാർത്തികേയൻ, കൊരുപ്പേട്ട് സ്വദേശി ജോൺ എന്നിവരാണ് മരിച്ചത്. എയർഷോ നടക്കുന്ന സ്ഥലത്ത് മോശം ട്രാഫിക് നിയന്ത്രണമാണ് അധികൃതർ ഏർപ്പെടുത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആൾക്കൂട്ടം എയർഷോ കാണാനായി തടിച്ച് കൂടിയിരുന്നു. മറീന ബീച്ചിന് സമീപത്തും വലിയ ആൾക്കൂട്ടമെത്തിയിരുന്നു.
പങ്കെടുത്ത ആളുകളുടെ എണ്ണത്തിൽ ലിംക ബുക്ക് ഓഫ് വേൾഡ് റെക്കോഡ്സിൽ ഇടംപിടിക്കാനിരിക്കെയാണ് എയർ ഷോ ദുരന്തമായി മാറിയത്. രാവിലെ 11 മുതൽ ഉച്ചക്ക് ഒരു മണി വരെയായിരുന്നു ഷോ നിശ്ചയിച്ചിരുന്നത്. രാവിലെ എട്ട് മണിക്ക് തന്നെ ആയിരക്കണക്കിനാളുകൾ എയർഷോക്കായി എത്തിയിരുന്നു.
നിരവധി പ്രായമായവരും എയർഷോക്ക് വേണ്ടി വന്നിരുന്നു. എന്നാൽ, ഇവർക്ക് കൃത്യമായ രീതിയിൽ കുടിവെള്ളം ഉറപ്പാക്കുന്നതിൽ അധികൃതർ പരാജയപ്പെട്ടു. ഇതോടെ പലർക്കും നിർജ്ജലീകരണം അനുഭവപ്പെടുകയായിരുന്നു. സമീപത്തുള്ള വീടുകളിൽ നിന്നാണ് ആളുകൾക്ക് കുടിവെള്ളം ഉറപ്പാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.