'ബി.ജെ.പിയിൽ നിന്നല്ലേ, ശുദ്ധിയായിട്ട് വന്നാൽ മതി' -തിരികെയെത്തിയ 300 പ്രവർത്തകരെ തൃണമൂൽ സ്വീകരിച്ചത് ഗംഗാജലം തളിച്ച്
text_fieldsകൊൽക്കത്ത: തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പശ്ചിമ ബംഗാളിൽ ബി.ജെ.പിയിൽനിന്ന് തൃണമൂൽ കോൺഗ്രസിലേക്ക് തിരികെ എത്തുന്ന പ്രവർത്തകരുടെ എണ്ണം കൂടി വരികയാണ്. ബിര്‍ഭൂം ജില്ലയില്‍ വെള്ളിയാഴ്ച 300 പ്രവര്‍ത്തകരാണ് ബി.ജെ.പിയില്‍ നിന്ന് തൃണമൂലിലേക്ക് തിരികെ എത്തിയത്. ഇവരെ ഗംഗാജലം തളിച്ച് 'ശുദ്ധീകരിച്ചാണ്' തൃണമൂല്‍ കോൺഗ്രസ് നേതാക്കള്‍ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം പാർട്ടിയില്‍ തിരികെ എടുക്കണമെന്നാവശ്യപ്പെട്ട് ഇവർ തൃണമൂൽ കോൺഗ്രസ് ഓഫിസിനു മുന്നിൽ നിരാഹാര സമരം നടത്തിയിരുന്നു. തുടർന്നാണ് പാർട്ടിയില്‍ ചേരാന്‍ നിരാഹാരമിരുന്ന എല്ലാ പ്രവർത്തകരേയും ഗംഗാജലം തളിച്ച് തൃണമൂൽ കോൺഗ്രസ് നേതാക്കൾ സ്വീകരിക്കുകയായിരുന്നു. മൂന്ന് മണിക്കൂറെടുത്താണ് 'ശുദ്ധീകരണം' പൂർത്തിയായത്. രാവിലെ എട്ട് മുതൽ 11 വരെ അത് നീണ്ടു. തൃണമൂൽ നേതാവ് തുഷാർ കാന്തി മൊണ്ഡലാണ് പ്രവർത്തകർക്ക് പാർട്ടി പതാക കൈമാറിയത്. ബി.ജെ.പി അവരുടെ വിഷചിന്തകൾ പ്രവർത്തകരുടെ മനസ്സിൽ നിറച്ചിട്ടുണ്ടാകുമെന്നും ആ മോശം കാര്യങ്ങൾ മനസ്സിൽനിന്ന് നീക്കാനാണ് പുണ്യജലം തളിച്ചതെന്നും തുഷാർ കാന്തി മൊണ്ഡൽ വ്യക്തമാക്കി.
'ഗ്രാമത്തിൽ വികസനം വരുമെന്ന് ആഗ്രഹിച്ചാണ് ബി.ജെ.പിയിൽ ചേർന്നത്. അത് ഒരുതരത്തിലും ഞങ്ങളെ സഹായിച്ചില്ല. പകരം, ഞങ്ങൾക്ക് ഒരുപാട് നഷ്ടങ്ങളുമുണ്ടായി. ഞങ്ങൾക്ക് തൃണമൂലിലേക്ക്തിരികെ പോകണം. ബി.ജെ.പി ഒരു വർഗീയ പാർട്ടിയാണ്. അവർ ഞങ്ങളുടെ മനസ്സിൽ വിഷം നിറച്ചു' -സത്യഗ്രഹത്തിൽ പങ്കെടുത്ത അശോക് മൊണ്ഡൽ എന്ന പ്രവർത്തകൻ പറഞ്ഞു.
അതേസമയം, ഇതെല്ലാം തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ നാടകമാണെന്നും പ്രവർത്തകരെ നിർബന്ധിച്ച് തൃണമൂലിൽ ചേർക്കുകയാണെന്നുമാണ് ബി.ജെ.പി പ്രതികരിച്ചത്. മുകുള്‍ റോയ്‌യെ പോലുള്ള വലിയ നേതാക്കള്‍ക്ക് പുറമെ സാധാരണ പ്രവര്‍ത്തകരും തൃണമൂല്‍ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നത് ബി.ജെ.പിക്ക് വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.