ജാമ്യം ലഭിച്ച് 300 ദിവസം; ജയിലിൽ നിന്ന് മോചനമില്ലാതെ യുവതി
text_fieldsചെന്നൈ: ഹൈകോടതിയിൽ നിന്ന് ജാമ്യം ലഭിച്ച് 300 ദിവസങ്ങൾ കഴിഞ്ഞിട്ടും ജയിലിൽ നിന്ന് മോചനമില്ലാതെ യുവതി. വീട്ടുകാർ യുവതിയെ ഉപേക്ഷിച്ചതും ജാമ്യത്തുകയ്ക്കുള്ള പണം ഇല്ലാത്തതുമാണ് ശിവഗംഗ സ്വദേശിയായ യുവതിക്ക് ജയിൽ വിടാനാകാൻ കഴിയാത്തതിന്റെ കാരണം .
രണ്ടു വയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ 2013 ഒക്ടോബറിലാണ് യുവതിയെ ജീവപര്യന്തം തടവിന് പ്രത്യേക കോടതി ശിക്ഷിച്ചത്. വെല്ലൂരിലെ വനിതാ ജയിലിൽ കഴിയുന്ന യുവതിയെ സന്ദർശിക്കാൻ ഒരിക്കൽ പോലും കുടുംബം തയ്യാറായിരുന്നില്ല.
2019 ലെ മദ്രാസ് ഹൈകോടതി ഉത്തരവിനെത്തുടർന്ന് വനിതാ തടവുകാരുടെ ജയിൽ സാഹചര്യങ്ങൾ പഠിക്കാൻ നിയോഗിച്ച അഭിഭാഷക കെ.ആർ റോജ, യുവതിയെ സന്ദർശിക്കുകയും ശിക്ഷാവിധിക്കെതിരെ അപ്പീൽ നൽകുകയും ചെയ്തു. പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന വാദം അംഗീകരിച്ച ഹൈകോടതി, കഴിഞ്ഞ ഡിസംബർ 20ന് ജാമ്യം അനുവദിച്ചു. 25,000 രൂപ കെട്ടിവയ്ക്കണമെന്നും രക്തബന്ധമുള്ള ആരെങ്കിലും ജാമ്യം നിൽക്കണമെന്നുമായിരുന്നു വ്യവസ്ഥകൾ.
എന്നാൽ യുവതിയുടെ അഞ്ച് സഹോദരങ്ങളെ റോജ സമീപിച്ചെങ്കിലും ആരും സഹായിക്കാൻ തയ്യാറായില്ല. അമ്മ ജാമ്യം നിൽക്കാൻ തയ്യാറായെങ്കിലും അച്ഛൻ വിലക്കി. തുടർന്നാണ് ജയിൽമോചനം മുടങ്ങിയത്.
ജാമ്യം കിട്ടിയിട്ടും കുടുംബം കൈവിട്ടതിനെ തുടർന്ന് ജയിൽ മോചനം സാധ്യമാകാത്ത 24,879 തടവുകാർ രാജ്യത്തുണ്ടെന്നാണ് സുപ്രീം കോടതി സെറൻർ ഫോർ റിസർച്ച് ആൻഡ് പ്ലാനിംഗ് ഡിസംബറിൽ പുറത്തുവിട്ട കണക്ക്. കുടുംബം ഉപേക്ഷിച്ച ഇത്തരം തടവുകാരെ സഹായിക്കാൻ ബദൽ മാർഗ്ഗങ്ങൾ ഉണ്ടാകണമെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആവശ്യപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.