മെഡിക്കൽ സർട്ടിഫിക്കറ്റിനായി ആശുപത്രികൾക്ക് മുന്നിൽ മണിക്കൂറുകളോളം വരിനിന്ന് തൊഴിലാളികൾ
text_fieldsന്യൂഡൽഹി: സ്വന്തം നാട്ടിലേക്ക് തിരിച്ച് പോകുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റിനായി പൂനെയിൽ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത് 300 ലധികം കുടിയേറ്റ തൊഴിലാളികൾ. മെഡിക്കൽ സർട്ടിഫിക്കറ്റിനായി തൊഴിലാളികൾ പൂനെയിലെ ഔന്ദ് കുതിർ ആശുപത്രിക്ക് മുന്നിൽ പുലർച്ചെ മൂന്നു മണിമുതൽ മണിക്കൂറുകളോളമാണ് വരിനിന്നത്.
കോവിഡ് -19 ലക്ഷണങ്ങളുണ്ടോയെന്ന് പരിശോധിച്ചതിന് ശേഷം തൊഴിലാളികൾക്ക് ആരോഗ്യ സർട്ടിഫിക്കറ്റ് നൽകാൻ പൂനെ മുനിസിപ്പൽ കോർപ്പറേഷെൻറ കീഴിലുള്ള ആശുപത്രികൾക്കാണ് അധികാരം. കനത്ത ചൂടിനെ അവഗണിച്ച് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നീണ്ട നിരയാണ് ഔന്ദ് കുതിർ ആശുപത്രിക്ക് മുന്നിലുണ്ടായിരുന്നത്. ഭൂരിഭാഗവും സുതർവാഡി, പശാൻ, ബാലേവാഡി, ബനേർ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ള കൂലി തൊഴിലാളികളാണ്.
പൂനെയിൽ ജോലിചെയ്തിരുന്ന ഭർത്താവ് മരിച്ചതിനെത്തുടർന്ന് ഇൻഷുറൻസ് തുക കൈപറ്റാൻ എത്തിയ താൻ രണ്ടുമാസമായി ഇവിടെ കുടുങ്ങികിടക്കുകയാണെന്ന് ബിഹാറിലെ ചപ്രയിൽ നിന്നെത്തിയ ലാൽതി ദേവി എന്ന സ്ത്രീ പറഞ്ഞു. 12 കിലോമീറ്റററിലധികം നടന്നാണ് രാവിലെ ആറു മണിയോടെ ആശുപത്രിക്ക് മുന്നിലെത്തിയതെന്ന് അവർ പറഞ്ഞു.
താപനിലയും കോവിഡ് -19 ലക്ഷണങ്ങളും പരിശോധിച്ച് രോഗമില്ലെന്ന് വ്യക്തമാകുമ്പോൾ മാത്രമേ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകൂ. സർട്ടിഫിക്കറ്റിൻെറ പകർപ്പും അപേക്ഷകെൻറ ആധാർ കാർഡിൻെറ പകർപ്പും ആശുപത്രി അധികൃതർ സൂക്ഷിക്കും. രണ്ട് ദിവസം മുമ്പാണ് സർട്ടിഫിക്കറ്റ് നൽകിതുടങ്ങിയതെന്നും ആശുപത്രി അധികൃതർ അറിയിച്ചു. രാവിലെ 8.30 മുതൽ ഉച്ചക്ക് ഒരു മണിവരെയാണ് പരിശോധന നടത്തി സർട്ടിഫിക്കറ്റ് അനുവദിക്കുക. ആദ്യ ദിവസങ്ങളിനേക്കാൾ മൂന്നിരട്ടി തൊഴിലാളികളാണ് സർട്ടിഫിക്കറ്റിനായി എത്തുന്നതെന്നും ആശുപത്രി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.