300 സിറ്റ് അപ്പുകൾ, വൃക്കക്ക് അണുബാധ; മെഡിക്കൽ വിദ്യാർഥി നേരിട്ടത് ക്രൂരമായ റാഗിങ്
text_fieldsദുംഗർപൂർ: ക്രൂര റാഗിങ്ങിന് ഇരയായ ദുംഗർപൂർ മെഡിക്കൽ കോളജിലെ മെഡിക്കൽ വിദ്യാർഥിയുടെ വൃക്ക തകരാറിലായി. സീനിയർ വിദ്യാർഥികളുടെ റാഗിങ്ങിനെ തുടർന്ന് വൃക്കക്ക് അണുബാധയുണ്ടായ വിദ്യാർഥി നാലു തവണ ഡയാലിസിസിന് വിധേയനാകേണ്ടി വന്നുവെന്ന് ദുംഗർപൂർ സദർ പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ ഗിർധാരി സിങ് പറഞ്ഞു.
കഴിഞ്ഞ വർഷം സെപ്തംബറിലാണ് വിദ്യാർഥി മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് പ്രവേശനം നേടിയത്. കഴിഞ്ഞ മേയ് 15ന് കോളജിന് സമീപമുള്ള സ്ഥലത്തുവച്ച് രണ്ടാം വർഷ വിദ്യാർഥികളായ ഏഴു പേർ 300ലധികം സിറ്റ്-അപ്പുകൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
സിറ്റ്-അപ്പ് ചെയ്തതിനെ തുടർന്നുണ്ടായ കടുത്ത മർദം വൃക്ക തകരാറിലാക്കുകയും അണുബാധക്ക് കാരണമാവുകയും ചെയ്തു. ഇതേതുടർന്ന് അഹമ്മദാബാദിലെ ആശുപത്രിയിൽ വിദ്യാർഥി ഒരാഴ്ചയോളം ചികിത്സയിലായിരുന്നു. നാലുതവണ ഡയാലിസിസിന് വിധേയനായി. ഇപ്പോൾ വിദ്യാർഥി സുഖമായിരിക്കുന്നുവെന്ന് ഗിർധാരി സിങ് വ്യക്തമാക്കി. ജൂൺ മുതൽ വിദ്യാർഥി എം.ബി.ബി.എസ് പഠനം പുനരാരംഭിച്ചു.
മുമ്പും വിദ്യാർഥി റാഗിങ് നേരിട്ടിട്ടുണ്ടെങ്കിലും പരാതിപ്പെട്ടിരുന്നില്ല. ജൂൺ 20ന് ഓൺലൈൻ പോർട്ടൽ വഴി കോളജ് അധികൃതർക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് സംഭവം പുറത്തുവന്നത്. മെഡിക്കൽ കോളജിലെ റാഗിങ് വിരുദ്ധ സമിതിയുടെ അന്വേഷണത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വിദ്യാർഥികൾക്കെതിരെ പ്രിൻസിപ്പലിന്‍റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
വിദ്യാർഥികൾക്കെതിരെ ഐ.പി.സി 323, 143, 147, 149, 341, 352 തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.