ഗുജറാത്തിലെ തുറമുഖത്ത് നിന്നും പിടിച്ചത് 21,000 കോടിയുടെ മയക്കുമരുന്ന്; കൈകഴുകി അദാനി ഗ്രൂപ്പ്
text_fieldsഭുജ്(ഗുജറാത്ത്): ഗുജാത്തിലെ കച്ച് ജില്ലയിലെ അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള മുന്ദ്ര തുറമുഖത്തുനിന്ന് 21,000 കോടി രൂപ വിലവരുന്ന 3000 കിലോ ഹെറോയിൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) പിടികൂടി. ഇത് ഇറക്കുമതി ചെയ്ത സ്ഥാപനം നടത്തിയിരുന്ന ദമ്പതികൾ പിടിയിലായി. ആഷി ട്രേഡിങ് കമ്പനി നടത്തുന്ന എം. സുധാകർ, ഭാര്യ ദുർഗ വൈശാലി എന്നിവരാണ് അറസ്റ്റിലായത്.
എന്നാൽ സംഭവത്തെക്കുറിച്ച് തങ്ങൾക്കറിയില്ല എന്നാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്. തങ്ങൾ തുറമുഖത്തിന്റെ നടത്തിപ്പുകാർ മാത്രമാണെന്നും ഷിപ്മെന്റുകൾ തങ്ങൾ പരിശോധിക്കാറില്ലെന്നും കമ്പനി വിശദീകരിച്ചു. തങ്ങൾക്കെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണ്. ഡി.ആർ.ഐ , കസ്റ്റംസ് ടീമിനെ തങ്ങൾ അഭിനന്ദിക്കുകയാണെന്നും അദാനി ഗ്രൂപ്പ് വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
സംഭവത്തിൽ സർക്കാറിനെതിരെ കോൺഗ്രസ് രംഗത്തെത്തി. ''''ഗുജറാത്തിൽ പിടിച്ചത് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെത്തന്നെ ഏറ്റവും വലുതാണ്. ഇതെങ്ങനെ വന്നു?. സർക്കാറും നാർകോട്ടിക് കൺട്രോൾ ബ്യൂറോയും എന്താണ് ചെയ്യുന്നത്'' -കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു.
അന്തർദേശീയ വിപണിയിൽ കിലോക്ക് അഞ്ച് കോടി വിലവരുന്ന ഹെറോയിൻ ആണ് പിടികൂടിയത്. അഫ്ഗാനിസ്താനിൽനിന്നുള്ള ചരക്കുകൾ അടങ്ങിയ പെട്ടികൾ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് ഡി.ആർ.ഐ ഓഫിസർമാർ രണ്ട് പെട്ടികൾ പിടിച്ചെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു. പരിശോധനയിൽ ഹെറോയിെന്റ അംശം കണ്ടെത്തി.
ആന്ധ്രയിലെ വിജയവാഡയിൽ രജിസ്റ്റർ ചെയ്ത ട്രേഡിങ് കമ്പനിയാണ് ഇറക്കുമതിക്കാർ. പാതി സംസ്കരിച്ച വെണ്ണക്കല്ലുകൾ എന്ന വ്യാജേനയാണ് ഇറാനിലെ ബന്തർ അബ്ബാസ് തുറമുഖത്തുനിന്നും ഗുജറാത്തിലെ മുന്ദ്രയിലെത്തിയത്. ഇറക്കുമതിയിൽ ചില അഫ്ഗാൻ പൗരൻമാർക്ക് പങ്കുള്ളതായി സൂചനയുണ്ടെന്നും അന്വേഷണം നടന്നുവരുകയാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.