9 മാസത്തിനിടെ ക്രൈസ്തവർക്ക് നേരെയുണ്ടായത് 305 ആക്രമണങ്ങള്‍; മാധ്യമങ്ങൾ ആക്രമണങ്ങൾ അവഗണിക്കുന്നുവെന്ന് റിപ്പോർട്ട്
text_fieldsന്യൂഡല്‍ഹി: ക്രൈസ്തവർക്ക് നേരെ ഇന്ത്യയിൽ വ്യാപക അതിക്രമം നടക്കുന്നതായും എന്നാൽ ദേശീയ മാധ്യമങ്ങൾ സംഭവം റിപ്പോർട്ട് ചെയ്യാതെ അവഗണിക്കുകയാണെന്നും വസ്തുതാന്വേഷണ റിപ്പോർട്ട്. 273 ദിവസത്തിനിടെ 305 അക്രമ സംഭവങ്ങളാണ് രാജ്യത്തു നടന്നത്.
ഇതിൽ 169 സംഭവങ്ങളും ഉത്തർപ്രദേശ് (66), ഛത്തിസ്ഗഢ് (47), ഝാർഖണ്ഡ് (30), മധ്യപ്രദേശ്( 26) എന്നിവിടങ്ങളിൽ നിന്നാണെന്നും ചൊവ്വാഴ്ച പ്രസ്ക്ലബ് ഓഫ് ഇന്ത്യയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ദേശീയ കോഓഡിനേറ്റര്‍ എ.സി. മൈക്കിള്‍ പറഞ്ഞു.
യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം, യുനൈറ്റഡ് എഗെയ്ന്‍സ്റ്റ് ഹേറ്റ്, അസോസിയേഷൻ ഫോർ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ് സംഘടനകൾ ചേർന്നാണ് രാജ്യത്ത് ക്രൈസ്തവർക്കു നേരെ നടക്കുന്ന ആക്രമണങ്ങളുടെ വസ്തുതാന്വേഷണ റിപ്പോർട്ട് തയാറാക്കിയത്.
ആക്രമണങ്ങൾക്കിരയായവർക്കു വേണ്ടി ആരംഭിച്ച ഹെൽപ് ലൈനിലേക്ക് ഈ വർഷം ആയിരത്തിലധികം ഫോൺകോളുകളാണ് വന്നതെന്ന് എ.സി. മൈക്കിൾ പറഞ്ഞു. സെപ്റ്റംബറിൽ 69 ആക്രമണങ്ങൾ രാജ്യത്ത് ഉണ്ടായി. ആഗസ്റ്റിൽ 50, ജൂലൈ 33, ജൂണ്‍ 20, ഏപ്രില്‍ 27, മാര്‍ച്ച് 27, ഫെബ്രുവരി 20, ജനുവരി 37 എന്നിങ്ങനെ ആക്രമണങ്ങൾ നടന്നു. 1,331 വനിതകള്‍ക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റു.
588 പേര് ആദിവാസി വിഭാഗത്തിലും 513 പേര് ദലിത് വിഭാഗത്തിലും പെട്ടവരുമാണ്. ഒക്ടോബർ മൂന്നിന് ഉത്തരാഖണ്ഡിലെ റൂർഖിയിൽ ഞായറാഴ്ച പ്രാർഥന നടക്കുന്നതിനിടെ ചർച്ചിന് നേരെ 200 ഓളം പേർ നടത്തിയ ആക്രമണത്തിൽ ഒരു നടപടിയും പൊലീസിെൻറ ഭാഗത്തു നിന്നുമുണ്ടായിട്ടില്ലെന്ന് വസ്തുതാന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റൂർഖിയിൽ ആക്രമണത്തിനിരയായ ഇവ ലാൻസയും സഹോദരിയും വാർത്തസമ്മേളനത്തിൽ പങ്കെടുത്ത് സംഭവം വിശദീകരിച്ചു.
12 പേരായിരുന്നു പ്രാർഥനക്കായി ചർച്ചിലുണ്ടായിരുന്നത്. സി.സി.ടി.വി കാമറകള്‍ നശിപ്പിക്കുകയും സ്ത്രീകളെ കടന്നാക്രമിക്കുകയും ചെയ്തു. പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഒരു മണിക്കൂറിനു േശഷം ആക്രമികളെല്ലാം പോയതിനു പിറകെയാണ് അവർ എത്തിയത്.
ചർച്ചിൽ നിന്നും ഒരു കിലോമീറ്ററിൽ താഴെ മാത്രമാണ് പൊലീസ് സ്റ്റേഷനിലേക്കുള്ള ദൂരം. മാധ്യമ പ്രവര്ത്തകന് പ്രശാന്ത് ഠണ്ടന്, യൂനിറ്റി ഇൻ കംപാഷൻ പ്രസിഡൻറ് മീനാക്ഷി സിങ്, നദീം ഖാൻ, ഡോ. ബനോ ജ്യോത്സന ലാഹിരി തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.