ഇന്ത്യക്ക് അമേരിക്കയുടെ സഹായം; 318 ഒാക്സിജൻ കോൺസെൻട്രേറ്ററുകൾ വിമാനമാർഗം ഡൽഹിയിലെത്തി
text_fieldsന്യൂയോർക്ക്: ഒാക്സിജൻ ക്ഷാമം നേരിടുന്ന ഇന്ത്യക്ക് അമേരിക്കയുടെ സഹായം. 318 ഒാക്സിജൻ കോൺസെൻട്രേറ്ററുകളാണ് ഇന്ത്യക്ക് ലഭിച്ചത്. ഞായറാഴ്ച ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽ നിന്ന് ഒാക്സിജൻ കോൺസെൻട്രേറ്ററുകളുമായി പുറപ്പെട്ട എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഡൽഹിയിലെത്തി.
കുറഞ്ഞ അളവിൽ ഒാക്സിജൻ ആവശ്യമുള്ള കിടപ്പുരോഗികൾക്കുള്ള ഓക്സിജൻ കോൺസെൻട്രേറ്ററുകൾക്ക് രാജ്യത്ത് ക്ഷാമം നേരിടുന്നുണ്ട്. ഓക്സിജൻ തെറാപ്പിക്ക് ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഉപകരണങ്ങളിലൊന്നാണ് ഇത്. ഹോം ഇൻസുലേഷനിലുള്ള രോഗികൾക്കും ഓക്സിജൻ തീർന്നു പോകുന്ന ആശുപത്രികൾക്കും കോൺസെൻട്രേറ്റർ ഉപകാരപ്രദമാണ്.
ആസ്ട്ര സെനിക്ക വാക്സിനും മറ്റ് ജീവൻരക്ഷാ ഉപകരണങ്ങളും ആവശ്യമുള്ള രാജ്യങ്ങൾക്ക് നൽകണമെന്ന് പ്രസിഡന്‍റ് ജോ ബൈഡനോട് യു.എസ് ചേംബർ ഓഫ് കൊമേഴ്സ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ചേംബർ ഓഫ് കൊമേഴ്സിനെ കൂടാതെ, യു.എസ് കോൺഗ്രസ് അംഗങ്ങളും ഇന്തോ-അമേരിക്കൻ പൗരൻമാരും ഈ ആവശ്യമുന്നയിച്ച് രംഗത്തെത്തി.
നിലവിൽ യു.എസിന്‍റെ കൈവശമുള്ള വാക്സിൻ ഡോസുകൾ രാജ്യത്തിന് ആവശ്യമില്ല. ഈ ജൂണിനകം തന്നെ മുഴുവൻ അമേരിക്കക്കാർക്കുമുള്ള വാക്സിൻ നിർമിക്കാൻ കഴിയുമെന്ന് കമ്പനികൾ അറിയിച്ചിട്ടുണ്ട്. എന്നിരിക്കെ കോവിഡ് വാക്സിനും മറ്റ് ജീവൻരക്ഷാ മരുന്നുകളും ഇന്ത്യക്ക് കൈമാറണമെന്നാണ് യു.എസ് ചേംബർ ഓഫ് കൊമേഴ്സ് ആവശ്യപ്പെട്ടത്.
യു.എസ് കോൺഗ്രസ് അംഗം റാഷിദ ത്വയിബയും ഇന്ത്യക്ക് സഹായം നൽകണമെന്നും ഇതിനായി വാക്സിൻ ഉൽപാദനം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.