32 എയർ ഇന്ത്യ വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി
text_fieldsന്യൂഡൽഹി: 32 എയർ ഇന്ത്യ വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് വിമാനങ്ങൾക്ക് ബോംബ് ഭീഷണി ലഭിച്ചത്. നിയമനടപടികളുമായി മുന്നോട്ട് പോകുമ്പോഴും ബോംബ് ഭീഷണികൾക്ക് കുറവില്ല.കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ നിന്നും യാത്രതിരിച്ച ഏഴോളം വിമാനങ്ങൾക്ക് സമൂഹമാധ്യമങ്ങളിലൂടെ ബോംബ് ഭീഷണി ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എയർ ഇന്ത്യ വിമാനത്തിനും ഭീഷണി സന്ദേശം ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടെ 400 വിമാനങ്ങൾക്കാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇത് വ്യോമയാന മേഖലയിൽ ആകെ ആശങ്കയുണ്ടാക്കിയിരുന്നു. തുടർന്ന് മിനിസ്ട്രി ഓഫ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളോട് കർശനമായ നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ടിരുന്നു.
വിമാന സർവിസുകൾക്കെതിരെ വ്യാജ ബോംബ് ഭീഷണികൾ തുടരുന്നതിനിടെ സമൂഹ മാധ്യമങ്ങൾക്ക് മാർഗനിർദേശവുമായി കേന്ദ്രം. വ്യാജ ഭീഷണി സന്ദേശങ്ങള്‍ അയക്കുന്ന അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്നും അല്ലാത്തപക്ഷം കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുന്നതായി കണക്കാക്കുമെന്നും ഐ.ടി മന്ത്രാലയം സമൂഹ മാധ്യമങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
വ്യാജ ബോംബ് ഭീഷണിയുൾപ്പെടെ കാര്യങ്ങൾ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ പ്രസിദ്ധീകരിക്കപ്പെടാതിരിക്കാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ ജാഗരൂകരാകണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചു. പങ്കുവെക്കാനുള്ള സൗകര്യം ഉള്ളതുകൊണ്ടുതന്നെ ഇത്തരം ഭീഷണികൾ കൂടുതൽ ആളുകളിലേക്കെത്തുകയും വലിയ ഭീതിക്ക് കാരണമാവുകയും ചെയ്യുകയാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
വിമാന സർവിസുകളുടെ സുരക്ഷക്കുപുറമെ സാമൂഹിക വ്യവസ്ഥക്കും ഇത്തരം വ്യാജ ഭീഷണികൾ വെല്ലുവിളിയാണ്. ഇത്തരം ഉള്ളടക്കങ്ങൾ നിശ്ചിത സമയത്തിൽ നീക്കുകയോ അനുമതി നിഷേധിക്കുകയോ ചെയ്യാൻ 2021ലെ ഐ.ടി ചട്ടങ്ങൾ അനുശാസിക്കുന്നുണ്ട്. രാജ്യത്തിന്റെ ഐക്യം, അഖണ്ഡത, പരമാധികാരം, സുരക്ഷ എന്നിവക്ക് വെല്ലുവിളിയാവുന്ന കാര്യങ്ങൾ പങ്കുവെക്കപ്പെട്ടാൽ കൃത്യമായി അധികൃതരെ അറിയിക്കാൻ നിയമം മൂലം സമൂഹ മാധ്യമങ്ങൾ ബാധ്യസ്ഥരാണെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.