ഭക്ഷണവും വെള്ളവും നൽകാതെ14 മണിക്കൂർ; ഇസ്‍ലാമിക വേഷം ധരിച്ച 32 കുട്ടികളെ കസ്റ്റഡിയിൽ വെച്ച് ആർ.പി.എഫ്
text_fieldsപാട്ന: പരമ്പരാഗത ഇസ്‍ലാമിക വേഷം ധരിച്ച 32 മുസ്‍ലിം കുട്ടികളെയും കൂടെയുണ്ടായിരുന്ന രക്ഷിതാവിനെയും അറസ്റ്റ് ചെയ്ത് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് (ആർ.പി.എഫ്). ഗുജറാത്തിലെ സൂറത്തിലെ സക്കറിയ മദ്റസയിലേക്ക് പോകുന്നതിനിടെ മൊകാമ റെയിൽവേ സ്റ്റേഷനിൽ വെച്ചാണ് സംഭവം.
ഏകദേശം 14 മണിക്കൂർ കസ്റ്റഡിയിൽ വെച്ച കുട്ടികളെ പ്രദേശവാസികളുടെയും സാമൂഹിക പ്രവർത്തകരുടെയും പ്രതിഷേധത്തിന് പിന്നാലെയാണ് വിട്ടയച്ചത്. പ്രശ്നത്തിൽ ഇടപെടാൻ ശ്രമിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി ദൃക്‌സാക്ഷികൾ പറയുന്നു.
കുട്ടികളെ രാവിലെ മുതൽ സ്റ്റേഷൻ പരിസരത്ത് ഭക്ഷണമോ വെള്ളമോ നൽകാതെ അടച്ചുപൂട്ടിയെന്നും പുറത്തുള്ളവരുമായി ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും വിമർശനങ്ങൾ ഉയർന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾ ആയിരുന്നിട്ടും പരമ്പരാഗത വസ്ത്രങ്ങളായ പൈജാമയും തൊപ്പിയും ധരിച്ചത് കൊണ്ട് മാത്രമാണ് മണിക്കൂറുകളോളം തടങ്കലിൽ വെച്ചതെന്ന് ദൃക്‌സാക്ഷികൾ ആർ.പി.എഫിന് എതിരെ ആരോപിക്കുന്നു. എന്നാൽ, ബാലവേലയ്ക്കായി കടത്തിക്കൊണ്ടുപോയതായി സംശയിച്ചാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തതെന്നാണ് ഉദ്യോഗസ്ഥരുടെ വാദം. സോഷ്യൽ മീഡിയയിൽ പ്രചരിച്ച വിഡിയോ ദൃശ്യങ്ങളിൽ കുട്ടികൾ ഭയന്നിരിക്കുന്നതായി കാണാം.
വിദ്യാർഥികളുടെ ഐ.ഡി കാർഡുകളും മദ്റസ പ്രവേശന സർട്ടിഫിക്കറ്റുകളുമുൾപ്പെടെയുള്ള വിവരങ്ങൾ കാണിച്ചിട്ടും അധികാരികൾ കേട്ടില്ലെന്നും കുട്ടികളെയും കൂടെയുണ്ടായിരുന്ന രക്ഷിതാവിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.