മോദി ഉദ്ഘാടനം ചെയ്ത ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്നടിഞ്ഞു; ബാക്കിയായത് കാൽപാദം മാത്രം -VIDEO
text_fieldsമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ അനാച്ഛാദനം ചെയ്ത മറാത്താ രാജാവ് ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ തകർന്നുവീണു. മഹാരാഷ്ട്രയിലെ സിന്ധുദുർഗ് കോട്ടയിൽ സ്ഥാപിച്ച 35 അടി ഉയരമുള്ള പ്രതിമയാണ് തകർന്നത്. ശരീരഭാഗം മൊത്തം തകർന്നടിഞ്ഞ പ്രതിമയുടെ കാൽപാദത്തിന്റെ ഭാഗം മാത്രമാണ് പീഠത്തിൽ ബാക്കിയായത്.
ഇക്കഴിഞ്ഞ ഡിസംബർ നാലിന് നാവികസേനാ ദിനത്തോടനുബന്ധിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിർവഹിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ തകർന്നു വീഴുകയായിരുന്നു. മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇതാണോ പ്രതിമ തകരാൻ കാരണമെന്ന് പരിശോധിക്കും.
പ്രതിമ തകർന്നതിനെത്തുടർന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവർ സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തി. സംഭവത്തിൽ ഉണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തി വിലയിരുത്താൻ ജില്ലാ ഭരണകൂടം ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥരും പ്രതിമ സന്ദർശിച്ചു. ഇത്രപെട്ടെന്ന് പ്രതിമ തകർന്നതോടെ കോടികൾ ചെലവിട്ട നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, ശിവജിയെ ആരാധനയോടെ കാണുന്ന വിശ്വാസികൾക്കിടയിൽ സംഭവം കടുത്ത പ്രതിഷേധത്തിന് ഇടവരുത്തിയിട്ടുണ്ട്. എഞ്ചിനീയർമാരും വിദഗ്ധരുമടങ്ങുന്ന സംഘം പ്രതിമയുടെ ഘടനയും അടിത്തറയും പരിശോധിക്കും. നിർമാണത്തിന് ഉപയോഗിച്ച അസംസ്കൃത വസ്തുക്കളുടെ ഗുണനിലവാരം, നിർമ്മാണ രീതി, പാരിസ്ഥിതിക സ്വാധീനം തുടങ്ങിയവ പ്രാഥമിക ഘട്ടത്തിൽ പരിശോധിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.