രാജ്യത്ത് 3.5 ലക്ഷം തടവുകാർ; പരമാവധി പേരെ വിട്ടയക്കാൻ അഭ്യർഥിച്ച് കേന്ദ്ര മന്ത്രി
text_fieldsജയ്പുർ: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷിക ദിനമായ 2022 ആഗസ്റ്റ് 15നകം പരമാവധി തടവുകാരെ മോചിപ്പിക്കാൻ ശ്രമിക്കണമെന്ന് കേന്ദ്ര നിയമ-നീതി മന്ത്രി കിരൺ റിജിജു സംസ്ഥാന ലീഗൽ സർവിസസ് അതോറിറ്റികളോട് അഭ്യർഥിച്ചു. ശനിയാഴ്ച ജയ്പുരിൽ നടന്ന 18ാമത് അഖിലേന്ത്യ ലീഗൽ സർവിസസ് അതോറിറ്റി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ 75ാം വർഷത്തിലും രാജ്യത്ത് അഞ്ച് കോടിയിലധികം കേസുകൾ കെട്ടിക്കിടക്കുന്നതിൽ നിയമമന്ത്രി ഉത്കണ്ഠ പ്രകടിപ്പിച്ചു.
രാജ്യത്ത് മൂന്നരലക്ഷം തടവുകാർ വിചാരണ തടവുകാരാണ്. കഴിയുന്നത്ര ആളുകളെ മോചിപ്പിക്കണം. കാരണം, തടവുകാർക്ക് പ്രത്യേക ഇളവ് നൽകാൻ സർക്കാർ തീരുമാനിക്കുകയും മാർഗനിർദേശങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് നീതി ലഭിക്കാൻ അമിത വക്കീൽ ഫീസ് തടസ്സമാകുന്നതായും മന്ത്രി പറഞ്ഞു. സമ്പന്നർക്ക് നല്ല അഭിഭാഷകരെ ലഭിക്കുന്നു. ഡൽഹി സുപ്രീംകോടതിയിലെ പല അഭിഭാഷകരുടെയും ഫീസ് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. അഭിഭാഷകർ ഒരു ഹിയറിങ്ങിന് 10-15 ലക്ഷം ഈടാക്കിയാൽ സാധാരണക്കാർക്ക് എങ്ങനെ താങ്ങാനാകും. കോടതികൾ ഒരുവിഭാഗത്തിന് മാത്രമുള്ളതല്ല. നീതിയുടെ വാതിൽ എപ്പോഴും എല്ലാവർക്കും തുല്യമായി തുറന്നിടണമെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയിൽ വാദങ്ങളും വിധികളും ഇംഗ്ലീഷിലാണ്. ഹൈകോടതികളിലും കീഴ്കോടതികളിലും പ്രാദേശിക ഭാഷക്ക് അവസരം നൽകിയാൽ നല്ലതാണ്. കാലഹരണപ്പെട്ട 71 നിയമങ്ങൾ വരുന്ന പാർലമെന്റ് സമ്മേളനത്തിൽ കേന്ദ്ര സർക്കാർ റദ്ദാക്കുമെന്നും കിരൺ റിജിജു പറഞ്ഞു.
അതേസമയം, ജഡ്ജിമാരുടെ ഒഴിവുകൾ നികത്താത്തതാണ് കേസുകൾ കെട്ടിക്കിടക്കാനുള്ള പ്രധാന കാരണമെന്ന് ചടങ്ങിൽ പങ്കെടുത്ത ചീഫ് ജസ്റ്റിസ് എൻ.വി. രമണ വ്യക്തമാക്കി.
10 ലക്ഷം ജനസംഖ്യക്ക് 20 ജഡ്ജിമാർ മാത്രമേയുള്ളൂ, ഇത് വളരെ കുറവാണ്. ഒഴിവുകൾ നികത്തുന്നതിനൊപ്പം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതും സർക്കാർ ഏറ്റെടുക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. കഴിഞ്ഞ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തിൽ ഞങ്ങൾ ജുഡീഷ്യൽ ഇൻഫ്രാസ്ട്രക്ചർ അതോറിറ്റി നിർദേശിച്ചു. നിർഭാഗ്യവശാൽ, അത് പരിഗണിച്ചില്ല. പ്രശ്നം പുനഃപരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. നാഷനൽ ലീഗൽ സർവിസസ് അതോറിറ്റി കഴിഞ്ഞ വർഷം രണ്ട് കോടിയോളം കേസുകളും കെട്ടിക്കിടന്ന ഒരു കോടി കേസുകളും തീർപ്പാക്കിയതായും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് യു.യു. ലളിത്, ഹൈകോടതി ചീഫ് ജസ്റ്റിസുമാർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.