കോൺഗ്രസ് എം.പിയുടെ വസതികളിൽ നടത്തിയ റെയ്ഡിൽ 351 കോടി രൂപ പിടിച്ചെടുത്തു
text_fieldsന്യൂഡൽഹി: കോൺഗ്രസ് രാജ്യസഭാ എം.പി ധീരജ് സാഹുവുമായി ബന്ധപ്പെട്ട സ്വത്തുക്കളിൽ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡുകൾ അവസാനിച്ചു. ഡിസംബർ 6 നാണ് റെയ്ഡുകൾ ആരംഭിച്ചത്. ഇതുവരെ 176 ബാഗുകളിൽ 140 ബാഗുകൾ എണ്ണിക്കഴിഞ്ഞു. റെയ്ഡിൽ കണ്ടെടുത്ത പണത്തിന്റെ കണക്കെടുപ്പ് ഞായറാഴ്ചയോടെ പൂർത്തിയാക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചത്. ധീരജ് സാഹുവിന്റെ ഒഡിഷയിലും ജാർഖണ്ഡിലുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നിന്ന് ആദായനികുതി വകുപ്പ് പിടിച്ചെടുത്ത കണക്കിൽപ്പെടാത്ത പണത്തിന്റെ മൂല്യം 351 കോടി രൂപയിലെത്തി. അടുത്തിടെ ഏജൻസി നടത്തിയ ഏറ്റവും വലിയ റെയ്ഡായിരുന്നു ഇതെന്ന് അധികൃതർ വ്യക്തമാക്കി.
ആദ്യഘട്ടത്തിൽ 30-ലധികം ഉദ്യോഗസ്ഥരും ബാങ്ക് ജീവനക്കാരും പണം എണ്ണുന്നതിൽ ഏർപ്പെട്ടിരുന്നു. നോട്ടുകൾ എണ്ണുന്ന പ്രക്രിയ വേഗത്തിലാക്കാൻ ഐ.ടി വകുപ്പ് 40 ഓളം വലുതും ചെറുതുമായ യന്ത്രങ്ങൾ വിന്യസിക്കുകയും കൂടുതൽ വകുപ്പുകളെയും ബാങ്ക് ജീവനക്കാരെയും ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഒഡിഷയിലെ ബൗദ് ഡിസ്റ്റിലറി പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധിപ്പിച്ചിട്ടുള്ള സ്ഥലങ്ങളിൽ നിന്നാണ് കൂടുതൽ പണവും കണ്ടെടുത്തത്. ധീരജ് സാഹുവിന്റെ കുടുംബം മദ്യനിർമ്മാണ ബിസിനസിൽ ഏർപ്പെട്ടിരിക്കുന്നതായും ഒഡിഷയിൽ അത്തരം നിരവധി ഫാക്ടറികളുടെ ഉടമസ്ഥതയുള്ളതായും അന്വേഷണത്തിൽ വ്യക്തമായി.
ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പണം പിടിച്ചെടുത്തതിനെ തുടർന്ന് കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. ഒരു കോൺഗ്രസ് എം.പി അഴിമതിയിൽ ഉൾപ്പെടുന്നത് ഇതാദ്യമല്ലെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ധീരജ് സാഹുവിന്‍റെ ബിസിനസ്സുമായി ഒരു തരത്തിലും ബന്ധമില്ല. അദ്ദേഹത്തിന്റെ സ്വത്തുക്കളിൽ നിന്ന് ആദായനികുതി അധികാരികൾ എങ്ങനെയാണ് വൻതോതിൽ പണം കണ്ടെത്തിയതെന്ന് അദ്ദേഹത്തിന് മാത്രമേ വിശദീകരിക്കാനും കഴിയൂ'. എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേഷ് പറഞ്ഞു. അതേസമയം കേസുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് അന്വേഷണ ഉദ്യോഗസ്ഥർ വിവിധ കമ്പനി ഉദ്യോഗസ്ഥരുടെയും മറ്റുള്ളവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.