രാജ്യം മുൾമുനയിൽ; മൂന്നരലക്ഷം കടന്ന് പ്രതിദിന കോവിഡ് ബാധിതർ, മരണം 2812
text_fieldsന്യൂഡൽഹി: രാജ്യത്ത് കോവിഡ് 19ന്‍റെ രണ്ടാം തരംഗത്തിൽ മൂന്നരലക്ഷം കടന്ന് പ്രതിദിന കോവിഡ് ബാധിതർ. 24 മണിക്കൂറിനിടെ 3,52,991 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 2812 പേർക്ക് കോവിഡ് മൂലം ജീവൻ നഷ്ടമായതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
തുടച്ചയായ അഞ്ചാംദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം മൂന്നുലക്ഷം കടക്കുന്നത്. രോഗികളുടെ എണ്ണം ഉയരുന്നതോടെ പ്രതിരോധ പ്രവർത്തനങ്ങളും താളംതെറ്റി. യു.എസ്, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി തുടങ്ങിയ നിരവധി രാജ്യങ്ങളാണ് ഇന്ത്യക്ക് സഹായം വാഗ്ദാനം ചെയ്ത് എത്തിയത്.
2,19,272 പേർ രോഗമുക്തി നേടി. ഇതോടെ കോവിഡിൽനിന്ന് 1,43,04,382 പേരാണ് രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 1,95,123 പേരാണ് കോവിഡ് ബാധിച്ച് മരിച്ചതെന്നും ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.
1,73,13,163പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. 28,13,658 ആണ് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം. 14,19,11,223 പേർ കൊറോണ വൈറസ് പ്രതിരോധ വാക്സിൻ സ്വീകരിക്കുകയും ചെയ്തു.
രാജ്യത്ത് കോവിഡ് രൂക്ഷമായതോടെ ഓക്സിജൻ ക്ഷാമവും ഐ.സി.യു കിടക്കകളുടെ അഭാവവും മരണനിരക്ക് ഉയർത്തുന്നതായാണ് കണക്കുകൾ. മഹാരാഷ്ട്ര, ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി അതീവ ഗുരുതരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.