3,570 കി.മി പദയാത്ര, 150 ദിവസം, ഹോട്ടൽ താമസമില്ല...രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കുറിച്ച് 10 കാര്യങ്ങൾ
text_fieldsഅണികൾക്കിടയിൽ തന്നെ നഷ്ടമായ പ്രതിഛായ വീണ്ടെടുക്കാനുള്ള കോൺഗ്രസിന്റെ ശ്രമമാണ് ഭാരത് ജോഡോ യാത്ര. ദേശീയ തലത്തിൽ ഇത്തരത്തിലൊരു പദയാത്ര ആദ്യമാണ്. യാത്രക്ക് ഒരു തെരഞ്ഞെടുപ്പുമായും ബന്ധമില്ലെന്നും ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള ശ്രമമാണെന്നുമാണ് കോൺഗ്രസ് പറയുന്നത്. കന്യാകുമാരിയിൽ നിന്ന് തുടങ്ങി കശ്മീരിൽ അവസാനിക്കുന്ന യാത്ര ഇന്ന് അഞ്ച് മണിക്ക് തുടങ്ങും. ഭാരത് ജോഡോ യാത്രയെ കുറിച്ച് 10 കാര്യങ്ങൾ ഇതാ...
1. 150 ദിവസത്തിനുള്ളിൽ 3,570 കിലോമീറ്റർ സഞ്ചരിക്കുന്ന യാത്ര കന്യാകുമാരിയിൽ നിന്ന് തുടങ്ങി ജമ്മു കശ്മീരിൽ അവസാനിക്കും.
2. ഇതിൽ പങ്കെടുക്കുന്ന യാത്രക്കാർ ഒരു ഹോട്ടലിലും താമസിക്കില്ല. രാത്രി കണ്ടെയ്‌നറുകളിലാണ് ചെലവഴിക്കുക. ഇത്തരത്തിൽ ആകെ 60 കണ്ടെയ്നറുകൾ ക്രമീകരിച്ചിട്ടുണ്ട്. ചില കണ്ടെയ്‌നറുകളിൽ ഉറങ്ങാനുള്ള കിടക്കകൾ, ടോയ്‌ലറ്റുകൾ, എ.സികൾ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.
3. സുരക്ഷാ കാരണങ്ങളാൽ രാഹുൽ ഗാന്ധി പ്രത്യേക കണ്ടെയ്‌നറിൽ താമസിക്കും. മറ്റുള്ളവർ കണ്ടെയ്‌നറുകൾ പങ്കിടും.
4. കണ്ടെയ്നറുകൾ ഗ്രാമത്തിന്റെ ആകൃതിയിൽ എല്ലാ ദിവസവും പുതിയ സ്ഥലത്ത് പാർക് ചെയ്യും. മുഴുവൻ സമയ യാത്രക്കാർ റോഡരികിരുന്നാണ് ഭക്ഷണം കഴിക്കുക. അവരുടെ വസ്ത്രങ്ങൾ അലക്കാൻ പ്രത്യേക സംവിധാനമുണ്ടാകും.
5. അഞ്ചുമാസങ്ങളിലുണ്ടായേക്കാവുന്ന കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് ഭാരത് ജോഡോ യാത്രക്ക് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
6. യാത്രക്കാർ ഒരു ദിവസം ആറ് മുതൽ ഏഴു മണിക്കൂർ വരെ നടക്കും.
7. രാവിലെയും വൈകീട്ടുമായി യാത്രകളുടെ രണ്ട് ബാച്ചുകൾ ഉണ്ടാകും. പ്രഭാത ബാച്ച് രാവിലെ ഏഴു മുതൽ 10.30 വരെയും വൈകുന്നേരത്തെ ബാച്ച് ഉച്ചകഴിഞ്ഞ് 3.30 മുതൽ 6.30 വരെയുമാണ്. ദിവസവും 22 മുതൽ 23 കിലോമീറ്റർ വരെ നടക്കാനാണ് പദ്ധതി. വൈകീട്ടത്തെ യാത്രയിൽ കൂടുതൽ ബഹുജന പങ്കാളിത്തമുണ്ടാകും.
8. രാജസ്ഥാനിൽ നിന്നുള്ള കോൺഗ്രസ് നേതാവ് വിജേന്ദ്ര സിംഗ് മഹ്ലവത് (58) ആണ് ഭാരത് ജോഡോ യാത്രയിലെ ഏറ്റവും പ്രായം കൂടിയ അംഗം. ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങൾ 25 ഉണ്ട്. ഇതിൽ അരുണാചൽ പ്രദേശിൽ നിന്നുള്ള അജാം ജോംബ്ലയും ബെം ബായിയുമുണ്ട്. കനയ്യ കുമാർ, പവൻ ഖേര എന്നിവരും രാഹുൽ ഗാന്ധിയുടെ യാത്ര സംഘത്തിന്റെ ഭാഗമാണ്. ഭാരത് യാത്രികളിൽ 30% സ്ത്രീകളാണ്.
9. റൂട്ട് മാപ്പ് അനുസരിച്ച്, ഭാരത് ജോഡോ യാത്ര ഈ 20 പ്രധാന സ്ഥലങ്ങൾ സന്ദർശിക്കും. അതായത് കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, നിലമ്പൂർ, മൈസൂരു, ബെല്ലാരി, റായ്ച്ചൂർ, വികാരാബാദ്, നന്ദേഡ്, ജൽഗാവ് ജമോദ്, ഇൻഡോർ, കോട്ട, ദൗസ, അൽവാർ, ബുലന്ദ്ഷഹർ, ഡൽഹി, അംബാല, പത്താൻകോട്ട്, ജമ്മു, ശ്രീനഗർ എന്നിങ്ങനെ.
10. യാത്ര സംഘം കേരളത്തിൽ 18ാം ദിവസം തങ്ങും. കർണാടകയിൽ 21 ദിവസവും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനില്‍ നിന്ന് ദേശീയ പതാക സ്വീകരിച്ചുകൊണ്ടാണ് രാഹുല്‍ യാത്രയ്ക്ക് തുടക്കമിടുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.