കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണം 36 ആയി; മൂന്ന് പേർ അറസ്റ്റിൽ, അന്വേഷണം സി.ബി.സി.ഐ.ഡിക്ക്
text_fieldsചെന്നൈ: തമിഴ്നാടിനെ ഞെട്ടിച്ച കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി. നൂറോളം പേർ ചികിത്സയിലാണ്. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ പലരുടെയും നില അതീവഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കും.
മദ്യ വിൽപന നടത്തിയ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഗോവിന്ദ്‍രാജ് എന്ന കണ്ണുക്കുട്ടി, ദാമോദരൻ, വിജയ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗോവിന്ദരാജിൽ നിന്ന് 200 ലിറ്റർ വിഷം കലർത്തിയ മദ്യവും പിടികൂടി. പരിശോധനയിൽ മെഥനോൾ എന്ന രാസവസ്തു കലർത്തിയതായി കണ്ടെത്തി.
സംഭവത്തിൽ അന്വേഷണം സി.ബി.സി.ഐ.ഡിക്ക് കൈമാറാൻ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ ഉത്തരവിട്ടു . അഡീഷണൽ എസ്.പി ഗോമതിക്കാണ് അന്വേഷണ ചുമതല. മന്ത്രിമാരായ എ.വി.വേലുവും എം.സുബ്രഹ്മണ്യനും കള്ളകുറിച്ചിയിൽ ക്യാമ്പ് ചെയ്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കള്ളക്കുറിച്ചി കലക്ടർ ശ്രാവൺകുമാർ യാദവിനെ സ്ഥലം മാറ്റിയിരുന്നു. എം.എസ് പ്രശാന്തിനാണ് പുതിയ ചുമതല. ജില്ലാ പൊലീസ് സൂപ്രണ്ട് സമയ് മീണയുൾപ്പെടെ ഒമ്പത് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പകരം എസ്.പിയായി രജത് ചതുർവേദി ചുമതലയേറ്റു.
കള്ളക്കുറിച്ചി ജില്ലയിലെ കർണപുരത്ത് ബുധനാഴ്ചയാണ് ദുരന്തമുണ്ടായത്. പാക്കറ്റുകളിലെത്തിച്ച വിഷമദ്യം കഴിച്ചാണ് ആളുകൾക്ക് ശാരീരികാസ്വാസ്ഥ്യമുണ്ടായത്. വയറിളക്കം, ഛർദ്ദി, വയറുവേദന, കണ്ണുകളിൽ പ്രശ്നം തുടങ്ങിയ ലക്ഷണങ്ങളോടെയാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കള്ളക്കുറിച്ചി, സേലം, വില്ലുപുരം, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാർ ആശുപത്രികളിലാണ് ആളുകളെ പ്രവേശിപ്പിച്ചിരിക്കുന്നത്.
കള്ളക്കുറിച്ചിയിലെ വിഷമദ്യദുരന്തം ഞെട്ടിക്കുന്നതാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ പറഞ്ഞു. ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകും. വിഷമദ്യദുരന്തത്തെ കുറിച്ച് പൊതുജനങ്ങൾ വിവരം നൽകിയാൽ അതിലും ഉടൻ നടപടിയുണ്ടാകുമെന്നും സ്റ്റാലിൻ എക്സിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.