ആൾദൈവത്തിന്റെ പ്രഭാഷണത്തിനിടെ അനുയായികൾ മോഷണത്തിനിരയായി; 36 പേരുടെ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടു
text_fieldsമുംബൈ: സ്വയം പ്രഖ്യാപിത ആൾദൈവം ധിരേന്ദ്ര കൃഷ്ണ ശാസ്ത്രിയുടെ രണ്ടു ദിവസത്തെ സമ്മേളന പരിപാടിക്കിടെ 36 ഓളം അനുയായികൾ മോഷണത്തിനിരയായി. മുംബൈയിലെ മിര റോഡിലുള്ള സലാസർ സെൻട്രൽ പാർക്കിലാണ് രണ്ടു ദിവസത്തെ സമ്മേളനം ശനിയാഴ്ച ആരംഭിച്ചത്. സമ്മേളനത്തിനെത്തിയ അനുയായികളുടെ സ്വർണാഭരണങ്ങളാണ് നഷ്ടമായത്.
ആകെ നഷ്ടമായ സ്വർണാഭരണങ്ങളുടെ തൂക്കം പ്രാഥമിക നിഗമന പ്രകാരം വളരെ കൂടുതലാണെന്നും ഇക്കാര്യം തിട്ടപ്പെടുത്തി വരുന്നേയുള്ളുവെന്നും പൊലീസ് പറഞ്ഞു. രണ്ടു ലക്ഷത്തോളം അനുയായികളാണ് പരിപാടിയിൽ പങ്കെടുത്തത്. പരിപാടിയിലെ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇത്രയും വില ജനക്കൂട്ടത്തെ കൈകാര്യം ചെയ്യാനാവശ്യമായ സുരക്ഷാ സംവിധാനങ്ങൾ പരിപാടിക്ക് ഒരുക്കിയിരുന്നില്ല.
ഞായറാഴ്ച പരിപാടി നടക്കുന്ന സ്ഥലത്തെ പ്രവേശന കവാടത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിരുന്നു. എന്നാൽ നിയന്ത്രണാതീതമായി ആളുകൾ എത്തിയതോടെ തിക്കും തിരക്കിലും പരിക്കുണ്ടാകാതിരിക്കാനായി പൊലീസിന്റെ ശ്രദ്ധ മാറിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
രണ്ടു വയസുകാരിയായ മകളുടെ ദിവസങ്ങൾ നീണ്ട അസുഖത്തിന് പരിഹാരവുമായാണ് മിര റോഡ് സ്വദേശി സുനിത ഗൗലി പരിപാടിക്കെത്തിയത്. ‘എന്റ കുഞ്ഞിന്റെ പേര് ബാബയുടെ പട്ടികയിൽ ഉൾപ്പെടുത്താനും അങ്ങനെ ബാബയെ കണ്ട് അസുഖം മാറ്റാനുമാണ് ഞാൻ ഇവിടെ എത്തിയത്. എന്നാൽ എനിക്ക് ആകെയുണ്ടായിരുന്ന സ്വർണാഭരണമായ താലിച്ചെയിൻ നഷ്ടമാവുകയാണുണ്ടായത്.’ -സുനിത ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
ശാന്താബെൻ മിതലാൽ ജെയ്ൻ ചാരിറ്റബിൾ ട്രസ്റ്റാണ് പരിപാടി സംഘടിപ്പിച്ചത്. സംഘാടകർ വിഷയം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, വിഷയത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പരിപാടി നടന്ന സ്ഥലത്തെ സി.സി.ടി.വികൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.