37 ദിവസം, 10 നഗരങ്ങൾ... അമൃത് പാൽ പൊലീസിനെ കബളിപ്പിച്ചതിങ്ങനെ!
text_fieldsന്യൂഡൽഹി: ഖലിസ്ഥാൻ വാദി അമൃത്പാൽ സിങ് കീഴടങ്ങിയത് 37 ദിവസം പൊലീസിനു പിടികൊടുക്കാതെ 10 നഗരങ്ങളിൽ മാറിമാറി താമസിച്ചതിന് ഒടുവിൽ. നാടുമുഴുവൻ വലവിരിച്ചിട്ടും 37 ദിവസം പഞ്ചാബ് പൊലീസിന് പിടികൊടുക്കാതെ കഴിഞ്ഞ അമൃത്പാലിനെ മോഗയിലെ ഗുരുദ്വാരയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇയാളെ അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്ക് മാറ്റി.
അമൃത് പാലിനും ഇയാളുടെ സംഘടനയായ വാരിസ് പഞ്ചാബ് ദെക്കും എതിരായി പൊലീസ് ശക്തമായ നടപടികൾ സ്വീകരിച്ചിരുന്നു. മാർച്ച് 18 മുതലാണ് ഇവർക്കെതിരെ പൊലീസ് തിരിഞ്ഞത്. അമൃത് പാലിനെ പിടികൂടുന്നതിന്റെ ഭാഗമായി അനുയായികളായ ഒമ്പതു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ അമൃത്പാലിന്റെ അടുത്ത അനുയായികളായ ജോഗ സിങ്ങും പപൽപ്രീത് സിങ്ങും ഉൾപ്പെടും.
മുമ്പ് പൊലീസ് അറസ്റ്റ് ചെയ്ത വാരിസ് പഞ്ചാബ് ദെ അംഗങ്ങളെ പൊലീസ് സ്റ്റേഷൻ അക്രമിച്ച് മോചിപ്പിച്ചതോടെയാണ് അമൃതപാലിനെതിരെ പൊലീസ് തിരിഞ്ഞത്. എന്നാൽ പൊലീസിന്റെ ചൂണ്ടയിൽ നിന്ന് രണ്ടു തവണയാണ് അമൃത്പാൽ രക്ഷപ്പെട്ടത്. മാർച്ച് 18ന് ജലന്തറിലാണ് ആദ്യ രക്ഷപ്പെടൽ. വാഹനങ്ങൾ മാറിമാറിക്കയറിക്കൊണ്ടായിരുന്നു അന്നത്തെ രക്ഷപ്പെടൽ. പിന്നീട് മാർച്ച് 28ന് ഹൊഷിയാർപുരിൽ സഹായി പപൽപ്രീത് സിങ്ങിനൊപ്പം പഞ്ചാബിലേക്ക് തിരിച്ചു വന്നപ്പോഴാണ് പൊലീസിൽ നിന്ന് രക്ഷപ്പെട്ടത്. വേഷം മാറിയും ഒളിത്താവളം മാറ്റിയും പൊലീസിനെ കബളിപ്പിച്ചു. പഞ്ചാബിലെത്തിയ പപലിനെ പൊലീസ് പിടികൂടി.
കൊലപാതകവും പൊലീസിനെ ആക്രമിക്കലും ഉൾപ്പെടെ നിരവധി കേസുകളിൽ അമൃത് പാലും പപലും പ്രതികളാണ്. അമൃത് പാലിനെ പലയിടങ്ങളിലും കണ്ടെത്തിയതായി പറയുന്ന നിരവധി സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു. പാട്യാല, കുരുക്ഷേത്ര, ഡൽഹി എന്നിവിടങ്ങളിൽ നിന്നെല്ലാമുള്ള ദൃശ്യങ്ങളിൽ വിവിധ വേഷങ്ങളിൽ അമൃത് പാലിനെ കണ്ടിരുന്നു. ഒളിച്ചു കഴിയുന്നതിനിടെ തന്നെ അമൃത് പാൽ രണ്ട് വിഡിയോകളും ഒരു ഓഡിയോ ക്ലിപ്പും സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഒരു വിഡിയോയിൽ താൻ പാലായനം ചെയ്തിട്ടില്ലെന്നും ഉടൻ തന്നെ പ്രത്യക്ഷപ്പെടുമെന്നും അറിയിച്ചിരുന്നു. രാജ്യം വിട്ടു പാലായനം ചെയ്തവരെപ്പോലെയല്ല താനെന്നും ഇയാൾ അവകാശപ്പെട്ടിരുന്നു.
ഇതോടെ, അമൃത് പാലിനെ പിടികൂടാൻ പൊലീസ് തിരച്ചിൽ ശക്തമാക്കി. ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഒളിവിൽ കഴിയാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പൊലീസ് തിരച്ചിൽ നടത്തി. ഏപ്രിൽ 14ന് നടന്ന ബൈശാഖി മഹോത്സവത്തിൽ ശക്തമായ പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. ഏപ്രിൽ 15ന് അമൃത്പാലിന്റെ അടുത്ത സഹായി ജോഗ സിങ്ങിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്ക് അമൃത്പാലുമായി നേരിട്ട് ബന്ധമുണ്ടെന്നും ഒളിത്താവളങ്ങൾ ഒരുക്കുന്നത് ഇയാളാണെന്നുമാണ് പൊലീസ് ആരോപിച്ചത്. അമൃത് പാലിനെയും സഹായി പപൽ പ്രീതിനെയും മാർച്ച് 28 ന് പഞ്ചാബിലേക്ക് തിരികെ കൊണ്ടുവന്നത് ജോഗയാണെന്നും പൊലീസ് ആരോപിച്ചു.
ഇയാളെ കൂടാതെ അമൃത് പാലിന്റെ എട്ട് അനുയായികളെയും പൊലീസ് അറസ്റ്റ് ചെയ്തു. ദൽജിത് സിങ് കാൽസി, പപൽപ്രീത് സിങ്, കുൽവന്ത് സിങ് ധലിവാൽ, വിരേന്ദർ സിങ് ജോഹൽ, ഗുർമീത് സിങ് ബുക്കൻവാല, ഹർജിത് സിങ്, ഭഗവന്ത് സിങ്, ഗുരിന്ദർ പാൽ സിങ് ഔജ്‍ല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ദേശ സുരക്ഷാ നിയമ പ്രകാരം കേസും രജിസ്റ്റർ ചെയ്തു. എല്ലാവരെയും അസം ദിബ്രുഗഡിലെ ജയിലിലാണ് പാർപ്പിച്ചിരിക്കുന്നത്.
പൊലീസ് സർവസന്നാഹവുമായി തിരയുന്നതിനിടെ അമൃത്പാൽ പഞ്ചാബിലെ മോഗയിലെ ഗുരുദ്വാരയിൽ വൻ ജനാവലിയെ അഭിസംബാധന ചെയ്തു. ഖലിസ്ഥാനി വിഘടനവാദി ജർണൈൽ സിങ് ഭിന്ദ്രെവാലെയുടെ ജൻമനാടാണ് മോഗ.
ഗുരുദ്വാരയിലേക്ക് പൊലീസ് കടക്കില്ലെന്ന് അമൃത്പാൽ കണക്കുകൂട്ടിയെന്ന് പൊലീസ് പറഞ്ഞു. വിശുദ്ധി നഷ്ടപ്പെടുമെന്ന വിശ്വാസികളുടെ വികാരം മാനിക്കാതിരിക്കാൻ പൊലീസികാനില്ല. അതിനാൽ യൂനിഫോമിൽ ഗുരുദ്വാരയിലേക്ക് കടക്കാൻ സാധിക്കുമായിരുന്നില്ല. നാലുഭാഗത്തു നിന്നും വളഞ്ഞതോടെ അമൃത്പാലിന് രക്ഷപ്പെടാനായില്ലെന്നും പൊലീസ് പറഞ്ഞു. വിശ്വാസികൾ സംയമനം പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.