ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച 37 തമിഴ്‌നാട് മത്സ്യത്തൊഴിലാളികൾ അറസ്റ്റിൽ
text_fieldsചെന്നൈ: ശ്രീലങ്കൻ സമുദ്രാതിർത്തി ലംഘിച്ച 37 തമിഴ്‌നാട് മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും അഞ്ച് മത്സ്യബന്ധന ട്രോളറുകൾ പിടികൂടുകയും ചെയ്ത് ശ്രീലങ്കൻ നാവികസേന. ശനിയാഴ്ച രാത്രി ലങ്കൻ നാവികസേന നടത്തിയ ഓപറേഷനിലാണ് ഇവരെ പിടികൂടിയത്. ഈ മാസം മാത്രം 64 മത്സ്യത്തൊഴിലാളികളും 10 മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ സേനയുടെ പിടിയിലായിട്ടുണ്ട്.
വിഷയം കേന്ദ്രസർക്കാരിനെ അറിയിച്ച മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, മത്സ്യത്തൊഴിലാളികളെയും മത്സ്യബന്ധന ബോട്ടുകളും മോചിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ ആരംഭിക്കണമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് ആവശ്യപ്പെട്ടു.
ഒക്‌ടോബർ 28നാണ് 37 മത്സ്യത്തൊഴിലാളികളെയും അവരുടെ അഞ്ച് മത്സ്യബന്ധന ബോട്ടുകളും ശ്രീലങ്കൻ നാവികസേന പിടികൂടിയത്. അടിക്കടിയുള്ള ഇത്തരം അറസ്റ്റുകൾ മത്സ്യത്തൊഴിലാളികളെ സാരമായി ബാധിക്കുന്നുണ്ട്. ശ്രീലങ്കൻ നാവികസേനയുടെ ഇത്തരം പ്രവൃത്തികൾ സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളിൽ സമ്മർദ്ദം ചെലുത്തുകയും മനസ്സിൽ പരിഭ്രാന്തി പടർത്തുകയും ചെയ്യുന്നുണ്ടെന്നും അവരുടെ ഏക ഉപജീവനമാർഗമാണിതെന്നും ജയശങ്കറിന് അയച്ച കത്തിൽ സ്റ്റാലിൻ പറയുന്നു.
ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ അവകാശങ്ങൾ കേന്ദ്ര സർക്കാർ കൂടുതൽ പരിഗണിക്കണമെന്നും അവരുടെ സുരക്ഷക്കായി സംസാരിക്കണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. പാക്ക് ബേ മേഖലയിലെ ഇന്ത്യൻ മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത മത്സ്യബന്ധന അവകാശം സംരക്ഷിക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി ആവർത്തിച്ചു.
അറസ്റ്റും ബോട്ടുകൾ പിടിച്ചെടുക്കലും നിർത്തണമെന്ന നിരന്തരമായ ആവശ്യം ഉണ്ടായിരുന്നിട്ടും ശ്രീലങ്കൻ നാവികസേന ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ പിടികൂടുന്നത് തുടരുകയാണ്. അറസ്റ്റ് അവസാനിപ്പിക്കാൻ കൂടുതൽ കാലതാമസം എടുക്കരുതെന്നും ഉറച്ച നയതന്ത്ര നീക്കങ്ങൾ വേണമെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.