വാക്സിൻ സ്വീകരിച്ചത് 3.8 ലക്ഷം പേർ; 580 പേരിൽ പാർശ്വഫലങ്ങളുണ്ടായെന്ന് കേന്ദ്രം
text_fieldsന്യൂഡൽഹി: രാജ്യത്ത് വാക്സിൻ സ്വീകരിച്ചത് 3.8ലക്ഷം പേർ. തിങ്കളാഴ്ച 1,48,266 പേർ വാക്സിൻ സ്വീകരിച്ചു. 3,81,305 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തത്. ഇതിൽ 580 പേരിൽ പാർശ്വഫലങ്ങൾ ഉണ്ടായതായും ഏഴുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും കേന്ദ്രസർക്കാർ അറിയിച്ചു.
വാക്സിൻ സ്വീകരിച്ച രണ്ടു പേർ മരിച്ചിരുന്നു. എന്നാൽ കുത്തിവെപ്പ് എടുത്തതല്ല മരണകാരണമെന്ന് അധികൃതർ അറിയിച്ചു.ഉത്തർപ്രദേശിലെ മൊറാദാബാദ് സ്വദേശിയായ മഹിപാൽ സിങ്ങാണ് കഴിഞ്ഞദിവസം മരിച്ചത്. 46 വയസായ ഇദ്ദേഹം സർക്കാർ ആശുപത്രി ജീവനക്കാരനായിരുന്നു. വാക്സിൻ സ്വീകരിച്ച് 24 മണിക്കൂറിനിടെയാണ് മരണം. കാർഡിയോ പൾമണറി രോഗത്തെ തുടർന്നുണ്ടായ കാർഡിയോജെനിക് ഷോക്കാണ് മരണകാരണമെന്ന് പേസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നതായി യു.പി സർക്കാർ അറിയിച്ചു. കുത്തവെപ്പ് സ്വീകരിക്കുന്നതിന് മുമ്പ് അദ്ദേഹത്തിന് അസുഖങ്ങൾ ഉണ്ടായിരുന്നതായി കുടുംബവും പ്രതികരിച്ചു.
കർണാടകയിലെ ബെല്ലാരിയിലാണ് മറ്റൊരു മരണം. 46കാരനായ നാഗരാജുവാണ് മരിച്ചത്. വാക്സിൻ സ്വീകരിച്ചതിന് ശേഷം നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കാർഡിയോ പൾമണറി അസുഖമാണ് മരണകാരണം. കൂടാതെ പ്രമേഹവും മറ്റു ആരോഗ്യ പ്രശ്നങ്ങളുമുണ്ടായിരുന്നതായി സർക്കാർ പറഞ്ഞു.
പാർശ്വഫലങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡൽഹിയിലാണ് മൂന്നുേപരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാക്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒരാൾ ഡിസ്ചാർജായി. രണ്ടുപേർ നിരീക്ഷണത്തിൽ തുടരുന്നുണ്ട്. കർണാടകയിൽ രണ്ടുപേർക്ക് പാർശ്വഫലങ്ങളുണ്ടായിരുന്നു. ഇതിൽ ഒരാൾ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്.
ഉത്തരാഖണ്ഡിലും ഛത്തീസ്ഗഡിലും ഒരാൾവീതം നിരീക്ഷണത്തിലുണ്ട്. ആദ്യഘട്ടത്തിൽ ഒരുകോടി ആരോഗ്യ പ്രവർത്തകർക്കും രണ്ടുകോടി മുൻനിര പോരാളികൾക്കുമാണ് വാക്സിൻ ലഭ്യമാക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.