അനിൽ അംബാനി, സച്ചിൻ... പാൻഡോറ പേപ്പറുകളിൽ 380 ഇന്ത്യക്കാർ
text_fieldsന്യൂഡൽഹി: പാൻഡോറ പേപ്പറുകളിൽ ഏറ്റവും കൂടുതൽ പേരുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ. നികുതി വെട്ടിക്കാൻ പണം വിദേശത്തെത്തിച്ച് നിക്ഷേപിച്ച പ്രമുഖരായ 380 ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്. കുടുംബസമേതമാണ് ക്രിക്കറ്റർ സചിൻ ടെണ്ടുൽകർ ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ സ്ഥാപനം തുടങ്ങിയത്.
സചിനു പുറമെ ഭാര്യ അഞ്ജലി, ഭാര്യാപിതാവ് എന്നിവരുടെ പേരിലായിരുന്ന കമ്പനി പാനമ രേഖകൾ പുറത്തെത്തിയ 2016ൽ ഒഴിവാക്കിയതായും രേഖകൾ പറയുന്നു. എന്നാൽ, നിയമാനുസൃത ഇടപാടുകളേ നടത്തിയിട്ടുള്ളൂവെന്നാണ് സചിെൻറ പ്രതികരണം. ബ്രിട്ടീഷ് കോടതിയിൽ പാപ്പർ ഹരജി പരാജയപ്പെട്ട വ്യവസായി അനിൽ അംബാനിയുടെ വൻ നിക്ഷേപവും പുതിയ രേഖകൾ തുറന്നുകാട്ടുന്നു.
130 കോടി ഡോളർ മൂല്യമുള്ള നിക്ഷേപങ്ങളാണ് അനിൽ അംബാനി നടത്തിയതെന്നാണ് രേഖകൾ പുറത്തുവിട്ട ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. ജേഴ്സി, ബ്രിട്ടീഷ് വിർജിൻ ദ്വീപുകൾ, സൈപ്രസ് എന്നിവിടങ്ങളിലായി 18 കമ്പനികൾ 2007നും 2010നുമിടയിൽ അംബാനിയുടെ പേരിൽ തുടങ്ങി. വൻ ബാങ്ക് തട്ടിപ്പ് നടത്തി 2018 ജനുവരിയിൽ രാജ്യംവിട്ട നീരവ് മോദി മറുകര പിടിക്കുന്നതിന് ഒരു മാസം മുമ്പ് സഹോദരി പൂർവി ദേവി ബ്രിട്ടീഷ് വിർജിൻ ദ്വീപുകളിൽ കമ്പനി തുടങ്ങി പണമൊഴുക്കിയതും രേഖകളിലുണ്ട്. ഇതുപക്ഷേ, പൂർവി ദേവിയുടെ അഭിഭാഷകൻ നിഷേധിക്കുന്നു. ബിറ്റ്കോയിൻ സംരംഭകനായ കിരൺ മജുംദാർ ഷായുടെ പേരും പട്ടികയിലുണ്ട്.
അന്വേഷണ മേൽനോട്ടം സി.ബി.ഡി.ടിക്ക്
ന്യൂഡൽഹി: പാൻഡോറ പേപ്പേഴ്സ് കേസ് അന്വേഷണ മേൽനോട്ടത്തിന് പ്രത്യക്ഷ നികുതി ബോർഡ് (സി.ബി.ഡി.ടി) ചെയർമാെൻറ നേതൃത്വത്തിൽ പ്രത്യേക ഏജൻസി രൂപവത്കരിച്ചു.
സർക്കാർ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ടെന്നും ബന്ധപ്പെട്ട അന്വേഷണ ഏജൻസികൾ കേസുകളിൽ അന്വേഷണം ഏറ്റെടുക്കുമെന്നും സി.ബി.ഡി.ടി പ്രസ്താവനയിൽ അറിയിച്ചു. നികുതി വെട്ടിക്കാൻ പണം വിദേശത്തെത്തിച്ച് നിക്ഷേപിച്ച പ്രമുഖരായ 380 ഇന്ത്യക്കാരാണ് പട്ടികയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.