മുഫ്തി സൽമാൻ അസ്ഹരിക്കെതിരെ ഗുജറാത്തിൽ വീണ്ടും കേസ്
text_fieldsഅഹ്മദാബാദ്: വിദ്വേഷ പ്രസംഗം ആരോപിച്ച് ഗുജറാത്ത് പൊലീസ് മുബൈയിൽനിന്ന് അറസ്റ്റ് ചെയ്ത ഇസ്‍ലാമിക പ്രഭാഷകൻ മുഫ്തി സൽമാൻ അസ്ഹരിക്കെതിരെ വീണ്ടും കേസ് ചുമത്തി.
ഡിസംബർ 24ന് ഗുജറാത്തിലെ മൊദാസ മൈതാനിയിൽ നടത്തിയ പ്രസംഗത്തിന്റെ പേരിലാണ് പുതിയ കേസ്. പ്രകോപനപരമായ പ്രസംഗമാണ് നടത്തിയതെന്ന് പൊലീസ് സൂപ്രണ്ട് ഷെഫാലി ബർവാൾ പറഞ്ഞു.
ഇതോടെ മുഫ്തി സൽമാൻ അസ്ഹരിക്കെതിരെ ഗുജറാത്തിൽ എടുത്ത കേസുകളുടെ എണ്ണം മൂന്നായി. ഫെബ്രുവരി 5 നാണ് അസ്ഹരിയെ മുംബൈയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ജനുവരി 31ന് ജുനഗഡിലെ ബി ഡിവിഷൻ പൊലീസ് സ്റ്റേഷൻ പരിധിയിൽ വിദ്വേഷ പ്രസംഗം നടത്തി എന്നാരോപിച്ചായിരുന്നു അറസ്റ്റ്. പിന്നീട് ജനുവരി 31ന് ബചൗ താലൂക്കിലെ സമഖിയാരി ഗ്രാമത്തിൽ നടത്തിയ പ്രസംഗത്തിന്റെ
പേരിൽ കച്ച് ഈസ്റ്റ് പൊലീസും കേസെടുത്തു. ഈ കേസിൽ ഫെബ്രുവരി 8ന് വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി.
ഇതിന് പിന്നാലെയാണ് അരവല്ലി ജില്ലയിലെ മൊദാസയിലും ഇന്ന് കേസെടുത്തത്. മതത്തെക്കുറിച്ചും ലഹരി വിരുദ്ധതയെക്കുറിച്ചും നടത്തിയ പ്രസംഗത്തിൽ പ്രകോപനപരമായ പരാമർശം കടന്നുകൂടിയതായാണ് പൊലീസ് പറയുന്നത്.
ജുനഗഡിലും കച്ച് ഈസ്റ്റിലും അസ്ഹരിക്കെതിരെ ഐ.പി.സി 153 ബി (വിവിധ മത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ), 505 (2) (വിദ്വേഷ പ്രസ്താവനകൾ) എന്നിവ പ്രകാരമാണ് കേസെടുത്തത്. മൊദാസയിൽ ഈ വകുപ്പുകൾക്ക് പുറമേ മതവികാരം വ്രണപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ സംസാരിച്ചതിന് സെക്ഷൻ 298 ഉം ചുമത്തിയിട്ടുണ്ട്. പട്ടികജാതി പട്ടികവർഗങ്ങൾക്കെതിരായ അതിക്രമം തടയൽ നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കച്ച് ഈസ്റ്റിലെ റിമാൻഡ് കഴിഞ്ഞാൽ അസ്ഹരിയെ കസ്റ്റഡിയിൽ വാങ്ങുമെന്നും എസ്.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.