മുഹമ്മദ് സുബൈറിനെ നാല് ദിവസത്തേക്ക് ഡൽഹി പൊലീസ് കസ്റ്റഡിയിൽ വിട്ടു
text_fieldsന്യൂഡൽഹി: ബി.ജെ.പി ദേശീയ വക്താവ് നൂപുർ ശർമയുടെ പ്രവാചക നിന്ദ പുറത്തുകൊണ്ടുവന്ന 'ആൾട്ട് ന്യൂസ്' സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ നാല് ദിവസത്തേക്ക് ഡൽഹി പൊലീസിന്‍റെ കസ്റ്റഡിയിൽ വിട്ടു. ഡൽഹി പൊലീസുമായി സുബൈർ സഹകരിച്ചില്ല എന്നും കേസിനാധാരമായ ട്വീറ്റ് പോസ്റ്റ് ചെയ്ത ഫോണും ലാപ്ടോപ്പും പിടിച്ചെടുക്കേണ്ടതുണ്ടെന്നും പറഞ്ഞാണ് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് സനിഗ്ധ സർവരിയ കൂടുതൽ ചോദ്യംചെയ്യാനായി ഡൽഹി പൊലീസിന് വിട്ടുകൊടുത്തത്.
തിങ്കളാഴ്ച അറസ്റ്റ് ചെയ്ത സുബൈറിനെ അർധരാത്രി ഡൽഹി അതിർത്തിയിലെ ഒരു മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കി ഡൽഹി പൊലീസ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദിച്ചെങ്കിലും ഒരു ദിവസത്തേക്ക് മാത്രമാണ് വിട്ടുകൊടുത്തത്. ചൊവ്വാഴ്ച കോടതി മുമ്പാകെ ഹാജരാക്കാൻ മജിസ്ട്രേറ്റ് നിർദേശിക്കുകയും ചെയ്തു. അതേ തുടർന്നാണ് പട്യാല ഹൗസ് കോടതിയിലെ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയത്.
സുബൈറിന് വേണ്ടി ഹാജരായ പ്രമുഖ സുപ്രീംകോടതി അഭിഭാഷക വൃന്ദാ ഗ്രോവർ 1983ൽ റിലീസ് ചെയ്ത ഹിന്ദി സിനിമ 'കിസി സേ ന കഹ്നാ'യിലെ ഫോട്ടോ ട്വീറ്റ് ചെയ്തതിനാണ് കേസും അറസ്റ്റും എന്നും ബോധിപ്പിച്ചു. എഡിറ്റ് ചെയ്ത ചിത്രമാണെന്ന വാദം കള്ളമാണെന്നും സിനിമയിലെ ഫോട്ടോ ആണതെന്നും ഗ്രോവർ വാദിച്ചു. '2014ന് മുമ്പ് ഹണിമൂൺ ഹോട്ടൽ, 2014ന് ശേഷം ഹനുമാൻ ഹോട്ടൽ' എന്ന് ഈചിത്രം വെച്ചാണ് മുഹമ്മദ് സുബൈർ ട്വീറ്റ് ചെയ്തത്. എത്രയോ പേർ പതിവായി പങ്കുവെക്കാറുള്ള ഈ ചിത്രത്തിന്‍റെ പേരിൽ എങ്ങനെയാണ് ഇന്ത്യൻ ശിക്ഷ നിയമം 153 (എ) പ്രകാരം വിവിധ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും, 295(എ) പ്രകാരം മതവികാരം വ്രണപ്പെടുത്തിയതിനും കേസെടുക്കുകയെന്ന് ഗ്രോവർ ചോദിച്ചു. ഇത് ആരാധനാലയത്തിന്‍റെ ചിത്രമല്ല, ഹണിമൂണിന് വരുന്നവരെ പരിഹസിക്കുന്ന ചിത്രമാണ്. യഥാർഥ കാരണം അതല്ലെന്നും വസ്തുതകൾ പുറത്തുകൊണ്ടു വരുന്ന ഫാക്ട് ചെക്കറായ സുബൈറിനോട് അധികാര കേന്ദ്രങ്ങൾക്കുള്ള അനിഷ്ടമാണെന്നും ഗ്രോവർ വാദിച്ചു.
അധികാരത്തിലിരിക്കുന്നവരുമായി വിയോജിക്കുന്ന എന്ന കാരണത്താൽ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ഒരു ദിവസത്തേക്ക് പോലും കവരാനാകില്ലെന്ന് ഗ്രോവർ പറഞ്ഞു. ഹിന്ദി സിനിമ'യിൽ നിന്നുള്ള ഫോട്ടോ ആണ് ട്വീറ്റ് ചെയ്തതെന്ന വാദമൊന്നും ഈ ഘട്ടത്തിൽ മുഹമ്മദ് സുബൈറിന് സഹായകരമല്ലെന്ന് സി.എം.എം ഉത്തരവിൽ വ്യക്തമാക്കി.
ബംഗളൂരുവിലേക്ക് കൊണ്ടുപോയി സുബൈറിന്‍റെ വസതിയിൽ നിന്ന് ഫോണും ലാപ്ടോപ്പും കസ്റ്റഡിയിലെടുക്കാനുണ്ടെന്നും ഉത്തരവിൽ മജിസ്ട്രേറ്റ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.