യു.പിയിൽ നാല് ക്ഷേത്രവും 12 വിഗ്രഹവും തകർത്ത നാലുപേർ അറസ്റ്റിൽ
text_fieldsബുലന്ദ്ഷഹർ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹർ ജില്ലയിൽ നാല് ക്ഷേത്രവും 12 വിഗ്രഹവും തകർത്ത കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ബുലന്ദ്ഷഹർ ബറാൽ ഗ്രാമത്തിൽ കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ പ്രതികളായ ഹരീഷ് ശർമ്മ, ശിവം, കേശവ്, അജയ് എന്നിവരെയാണ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്.
മേയ് 30ന് രാത്രിയായിരുന്നു ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടത്. പിറ്റേന്ന് പുലർച്ചെ ആരാധനയ്ക്ക് എത്തിയ വിശ്വാസികളാണ് ക്ഷേത്രങ്ങളും വിഗ്രഹങ്ങളും നശിപ്പിക്കപ്പെട്ടത് കണ്ടത്. ഉടൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. 130ലേറെ വർഷം പഴക്കമുള്ള ക്ഷേത്രവും തകർക്കപ്പെട്ടിട്ടുണ്ട്. അത്രത്തോളം തന്നെ പഴക്കമുള്ള ശിവലിംഗവും അക്രമികൾ തകർത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തെ തുടർന്ന് പ്രകോപിതരായ ഹിന്ദുത്വ സംഘടനകൾ പ്രതിഷേധിക്കുകയും ക്ഷേത്രങ്ങൾ ആക്രമിച്ചവർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്ത് പ്രകടനം നടത്തുകയും ചെയ്തിരുന്നു. അക്രമത്തിന് പിന്നിൽ മുസ്‍ലിംകളാണെന്ന ആരോപണം സംഘ്പരിവാർ അനുകൂല മാധ്യമങ്ങളും ഉയർത്തിയിരുന്നു.
ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ക്ഷേത്ര പരിസരം അടച്ചു. പ്രദേശത്തെ സമാധാനാന്തരീക്ഷം തകർത്ത് വർഗീയ സംഘർഷത്തിന് തിരികൊളുത്താനുള്ള ആസൂത്രിത ശ്രമമാണ് ക്ഷേത്ര ആക്രമണത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്. യു.പി പൊലീസ് അഞ്ച് പ്രത്യേക അന്വേഷണ സംഘങ്ങൾ രൂപവത്കരിച്ചാണ് കേസ് അന്വേഷിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.